Home Politics കെവി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയഗാന്ധി; ഇന്ന് കൂടിക്കാഴ്ച;യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയേക്കും

കെവി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയഗാന്ധി; ഇന്ന് കൂടിക്കാഴ്ച;യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയേക്കും

1
0

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ തോമസിനെ വിളിച്ച് സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും കെ വി തോമസിനെ ടെലഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. സോണിയഗാന്ധിയും മുകുള്‍ വാസ്നിക്കും ഇന്ന് കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്കായി സോണിയ അറിയിച്ചതായി കെ വി തോമസ് പറഞ്ഞു.

സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസിനെ സാന്ത്വനിപ്പിക്കുന്നതിന്റെ ഭാഗമായി, പാര്‍ട്ടിയില്‍ ഉയര്‍ന്ന ഒരു സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ ആക്കുന്നതാണ് പ്രധാനമായും ആലോചനയിലുള്ളത്. നിലവിലെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ചാലക്കുടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഈ സാഹചര്യത്തില്‍ ബെന്നി ബഹനാന്‍ വഹിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെ വി തോമസിന് നല്‍കാനാണ് ആലോചിക്കുന്നത്.

സീറ്റി നിഷേധിച്ചതിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ചു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കെ വി തോമസിനെ ഫോണില്‍ വിളിച്ച് അനുനയ ശ്രമം നടത്തി. സീറ്റ് നിഷേധിച്ചതില്‍ ഏറെ ദുഃഖമുണ്ടെന്നും, താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ട സമയം അല്ല ഇതെന്ന് കെ വി തോമസ് പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തോമസ് തള്ളിക്കളഞ്ഞിട്ടുമില്ല.

അതിനിടെ കെ വി തോമസ് കോണ്‍ഗ്രസുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ വി തോമസും ഉണ്ടാകും. കെ വി തോമസിന്റെ സേവനം ഇനിയും ആവശ്യമുണ്ട്. കെ വി തോമസ് ഇനിയും പാര്‍ട്ടിയിലെ ഉന്നത പദവികള്‍ അലങ്കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here