
കൊച്ചി: കോളജിന്റെ എതിര്‍പ്പവഗണിച്ച് കൊലക്കേസ് പ്രതിക്ക് ഓണ്‍ലൈന്‍ മോഡില്‍ മൂന്നുവര്‍ഷത്തെ എല്‍എല്‍.ബി. കോഴ്സ് പഠിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
വിദ്യാഭ്യാസം കുറ്റവാളിയെ പരിഷ്‌കരിക്കാനും പുനരധിവസിപ്പിക്കാനും പ്രാപ്തമാക്കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടയാള്‍ക്കു പ്രവേശനം നല്‍കുന്നതിനെ എതിര്‍ത്ത കോളജിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയാണ് ത്രിവത്സര എല്‍എല്‍.ബി. കോഴ്സിനു ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രവേശന പരീക്ഷ പാസായ ഹര്‍ജിക്കാരന് മലപ്പുറം കെ.എം.സി.ടി. ലോ കോളജില്‍ എല്‍എല്‍.ബിക്കു പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ കോളജില്‍ ചേരാന്‍ അവധി ലഭിച്ചില്ല. തുടര്‍ന്ന് റിട്ട് ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയെ എതിര്‍ത്ത കോളജിന്റെ അഭിഭാഷകന്‍ കുറ്റവാളികള്‍ക്കു പ്രവേശനം നല്‍കുന്നത് കോളജിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നു വ്യക്തമാക്കി.എന്നാല്‍ കുറ്റവാളിയെ പഠിക്കാന്‍ അനുവദിക്കാന്‍ പ്രിന്‍സിപ്പല്‍ സന്നദ്ധത പ്രകടിപ്പിച്ച സംഭവങ്ങള്‍ സുപ്രീം കോടതി വിധികളിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും അപേക്ഷകന് ഓണ്‍ലൈന്‍ മോഡില്‍ എല്‍.എല്‍.ബി. കോഴ്സ് പഠിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും കോടതി കോളജിനോടു നിര്‍ദ്ദേശിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അപേക്ഷകന് എസ്‌കോര്‍ട്ട് ലീവ് ക്രമീകരിക്കാന്‍ ജയില്‍ അധികാരികളോടും നിര്‍ദേശിച്ചു.







