
പാലക്കാട്: കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീങ്ങിയിട്ടും ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ കാലകാരന്‍മാര്‍ക്ക് ഇപ്പോഴും നിയന്ത്രണങ്ങളേറെ. തൊഴില്‍ നഷ്ടപ്പെട്ട കാലകാരന്മാര്‍ ഒടുവില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പൂതന്‍-തിറ, വട്ടമുടി, കരിങ്കാളി തുടങ്ങിയ നിരവധി കലാരൂപങ്ങളും വാദ്യങ്ങളുമായാണ് കളക്ടറേറ്റുപടിക്കല്‍ പ്രതിഷേധവുമായെത്തിയത്.നാട്ടുവാദ്യ കലാകാരക്കൂട്ടായ്മ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തായമ്പക ആചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടി, പ്രണവം ശശി, മോഹനന്‍ കോങ്ങാട്, ബാബുരാജ് കല്ലേക്കാട് തുടങ്ങിയ കാലകാരന്മാരുടെ നേതൃത്വത്തിലാണ് വാദ്യകലാകാരന്മാര്‍ തെരുവിലിറങ്ങിയത്. വാദ്യോപകരണങ്ങളും വേഷവിധാനങ്ങളുമണിഞ്ഞാണ് പ്രതിഷേധക്കാരെത്തിയത്.കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കലാകാരന്മാര്‍ തൊഴിലില്ലാതെ പ്രയാസപ്പെടുകയാണെന്ന് പ്രതിഷേധത്തിനെത്തിയ കലാകാരന്‍മാര്‍ പറഞ്ഞു.ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ തുടങ്ങിയെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനും അവസരമില്ല. ഇതോടെ വാദ്യകാലകാരന്മാരുടെ കുടുംബം പട്ടിണിയിലായെന്ന് ഇവര്‍ പറയുന്നു. പണിയില്ലാതായതോടെ കല ഉപേക്ഷിച്ച് മറ്റ് പണികള്‍ തേടിപ്പോകേണ്ട അവസ്ഥയിലെത്തിയെന്നും ഇവര്‍ പറഞ്ഞു.ഉത്സവങ്ങള്‍, പെരുന്നാള്‍, നേര്‍ച്ചയാഘോഷം എന്നിവയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ തൊഴിലിടങ്ങള്‍ തുറന്നുനല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വിക്ടോറിയ കോളേജ് പരിസരത്തുനിന്നാരംഭിച്ച് കളക്ടറേറ്റ് പരിസരത്ത് മാര്‍ച്ച് അവസാനിച്ചു.മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാടന്‍കലാപ്രവര്‍ത്തകര്‍, ബാന്‍ഡ് മേളക്കാര്‍, ശിങ്കാരിമേളക്കാര്‍, പഞ്ചവാദ്യം-കാള പ്രവര്‍ത്തകര്‍, കളിപ്പാട്ട വഴിയോര കച്ചവടക്കാര്‍, സ്റ്റേജ് കലകാരന്മാര്‍, സൗണ്ട് സിസ്റ്റം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനം നടത്തിയത്.




