Home Kerala കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

3
0

കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ തകര്‍ന്ന പഴയിടം കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കോസ്വേയില്‍ കൈവരി സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി 20 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പാലത്തിന്റെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. പണികള്‍ പൂര്‍ത്തികരിച്ച് 14 ദിവസം കഴിഞ്ഞേ ഗതാഗതത്തിനായി തുറന്ന് കൊടുക്കു. നിലവില്‍ ഗതാഗതം നിരോധിച്ചാണ് കോസ്വേ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പ്രളയത്തില്‍ കൈവരികള്‍ തകര്‍ന്ന പഴയിടം കോസ്വേ പാലത്തില്‍ എടുത്തു മാറ്റാവുന്ന രീതിയിലുള്ള കൈവരികളാണ് സ്ഥാപിക്കുന്നത്. മഴ ശക്തമായി ആറ്റില്‍ വെള്ളമുയരുമ്പോള്‍ കൈവരികള്‍ എടുത്തുമാറ്റാന്‍ കഴിയും. വെള്ളത്തിന്റെ ഭീഷണി മാറുമ്പോള്‍ ഇവ തിരികെ സ്ഥാപിക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി പഞ്ചായത്തിന്റെ സേവനം ആവശ്യപ്പെടും. കഴിഞ്ഞ പ്രളയ സമയത്ത് ഉണ്ടായ വെള്ളപ്പാച്ചിലില്‍ കോസ്വേയുടെ കൈവരികള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. വെള്ളപ്പൊക്കത്തില്‍ കൈവരികള്‍ തകര്‍ന്നതോടെ ഇതു വഴിയുള്ള രാത്രി വാഹന യാത്ര ഏറെ സാഹസികമായിരുന്നു. ഇരു കരയിലുമുള്ള റോഡിനെക്കാള്‍ വളരെ താഴ്ന്നാണ് കോസ്വേ ഉള്ളത്. മണിമലയാര്‍ കരകവിഞ്ഞൊഴുകുന്നതോടെ കോസ്വേ വെള്ളത്തിലാകും. പാലം ഉയര്‍ത്തി പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളപ്പൊക്കത്തില്‍ സമീപ പാലങ്ങളും റോഡുകളും നശിച്ചപ്പോള്‍ ശോച്യാവസ്ഥയിലെങ്കിലും പഴയിടം കോസ്‌വേ ആയിരുന്നു ജനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത്. ചെറുവള്ളി സെന്റ് മേരീസ് പള്ളിക്കു സമീപത്തെ ചെറുപാലം ഒഴുകിപ്പോയതിനാല്‍ ആ ഭാഗത്തുള്ളവരും ചേനപ്പാടി കടവനാല്‍ കടവ് പാലം സ്പാന്‍ തെന്നിമാറി അപകടഭീഷണിയിലായതോടെ കാഞ്ഞിരപ്പള്ളി മണിമല റൂട്ടില്‍ നിന്ന് ചേനപ്പാടിക്ക് പോകാന്‍ ആള്‍ക്കാര്‍ ആശ്രയിച്ചിരുന്നതും പഴയിടം കോസ്‌വേയാണ്. ഇപ്പോള്‍ പഴയിടം കോസ്വേയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതോടെ ഈ ഭാഗത്തുള്ള ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here