ചെന്നൈ: യോ യോ ടെസ്റ്റ് എന്ന പേര് അടുത്ത കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഫിറ്റ്‌നസ് തെളിയിക്കാനുള്ള മാനദണ്ഡമായാണ് യോ യോ ടെസ്റ്റിനെ കണ്ടുവരുന്നത്. നേരത്തെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം നഷ്ടമായതോടെ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
എന്നാല്‍ ഐ.പി.എല്ലിലേക്കു വരുമ്പോള്‍ യോ യോ ടെസ്റ്റിന് വലിയ പ്രാധാന്യമില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലക സംഘത്തിന്റെ നിലപാട്. കളിക്കാരുടെ ഫിറ്റ്‌നസ് അളക്കാന്‍ ഇത് ഒരു മാനദണ്ഡമല്ലെന്നാണ് സൂപ്പര്‍ കിങ്‌സ് പറയുന്നത്. ടീം കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോ യോ ടെസ്റ്റ് സി.എസ്.കെയുടെ ഫിറ്റ്‌നസ് പ്രോഗ്രാമിന്റെ ഭാഗമല്ല. കളിക്കാരെ ഞങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലെത്തിക്കാന്‍ മറ്റു വഴികളുണ്ട്. കളിക്കാരുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ചില പ്രതീക്ഷകളുണ്ട്. ലോക നിലവാരമുള്ള ഫിസിയോയും ട്രെയിനറും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇത്തരം കാര്യങ്ങളിള്‍ ഞങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കാറില്ല, കാരണം ഞങ്ങള്‍ക്ക് അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റു കാര്യങ്ങളുണ്ട് -ഫ്‌ലെമിങ് വ്യക്തമാക്കി.
ദേശീയ ടീമില്‍ കളിക്കുന്ന നിലവാരത്തോടെ കളിക്കാര്‍ ചെന്നൈക്ക് വേണ്ടിയും കളിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ കളിക്കാരെ ഫിറ്റ്‌നസില്ലാത്തവരെന്ന് വിലയിരുത്തുന്നതു കാണാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







