
എരുമേലി: അയ്യപ്പ ഭക്തര്‍ക്കായി ആരംഭിച്ച സൗജന്യ കോവിഡ് നിര്‍ണയ സംവിധാനം ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നിര്‍ത്തി. അതേസമയം സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നിര്‍ത്തിയിട്ടില്ല. ശബരിമല തീര്‍ഥാടന ക്രമീകരണത്തിന്റെ ഭാഗമായി അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി ദേവസ്വം ബോര്‍ഡിന്റെറ പഴയ സ്‌കൂള്‍ വളപ്പില്‍ ആരംഭിച്ച താത്ക്കാലിക ആശുപത്രിയോട് ചേര്‍ന്നാണ് സൗജന്യ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് കേന്ദ്രവും ആരംഭിച്ചിരുന്നത്. ഇപ്പോള്‍ ഈ കേന്ദ്രം പൂട്ടിയിട്ട നിലയിലാണ്. ആവശ്യമായ ജീവനക്കാരും ഫണ്ടും ഇല്ലാത്തതു മൂലം പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരാണ് ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവരുടെ കരാര്‍ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. കരാര്‍ പുതുക്കി നല്‍കിയിട്ടില്ല. പകരം ജീവനക്കാരെ നിയോഗിച്ചിട്ടുമില്ല. ശബരിമല തീര്‍ഥാടനത്തിന് കോവിഡ് നെഗറ്റീവ് റിസള്‍ട്ട് അനിവാര്യമാണ്. അംഗീകൃത സ്വകാര്യ കേന്ദ്രങ്ങളില്‍ ടെസ്റ്റിന് ഫീസ് ഈടാക്കുമ്പോള്‍ തീര്‍ത്തും സൗജന്യമായാണ് സര്‍ക്കാര്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ അംഗീകൃത കോവിഡ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. നാട്ടുകാരായ ശബരിമല തീര്‍ഥാടകര്‍ക്കും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായിയെത്തുന്ന ഭക്തര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ കേന്ദ്രം.ശബരിമലയിലേക്ക് എത്തുന്നതിനുള്ള യാത്രയ്ക്കിടെ കോവിഡ് ടെസ്റ്റ് റിസള്‍ട്ടിന്റെ സമയ പരിധി കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഏറെ പ്രയോജനകരമായിരുന്ന ഈ സൗകര്യം നിര്‍ത്തിയത് അയ്യപ്പ ഭക്തരെ സര്‍ക്കാര്‍ അവഗണിക്കുന്നതിന്റെ തെളിവാണെന്ന് അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എസ്. നായര്‍ പ്രസ്താവനയില്‍ ആരോപിച്ചു. സൗജന്യ കോവിഡ് പരിശോധന ഉടനെ പുനരാരംഭിക്കണമെന്ന് അയ്യപ്പ സേവാ സംഘം എരുമേലി ശാഖാ പ്രസിഡന്റ ്് അനിയന്‍ എരുമേലി ആവശ്യപ്പെട്ടു.








