
ഇടുക്കി : പൊളളുന്ന പച്ചക്കറി വിലയില്‍ അടുക്കളകളില്‍ നെടുവീര്‍പ്പിടുന്ന വീട്ടമ്മമാര്‍ക്ക് ആശ്വാസവുമായി ‘തക്കാളി വണ്ടി’യെത്തി. ഒരു കിലോ തക്കാളിക്ക് 50 രൂപ വരെയാണ് തക്കാളി വണ്ടിയിലുള്ളത്. അതോടൊപ്പം പൊതു വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വെണ്ട, പയര്‍, ചേന, വെള്ളരി, മത്തന്‍, പച്ചക്കായ തുടങ്ങിയ വിവിധ പച്ചക്കറികളും ലഭിക്കും. ക്രിസ്മസ്, പുതുവത്സര കാലത്തെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തക്കാളി വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങിയത്. ലോറേഞ്ചിലും ഹൈറേഞ്ചിലും ഓരോ വണ്ടികള്‍ എന്ന നിലയിലാണ് ക്രമീകരണം. പ്രധാന ടൗണുകളിലൂടെ തക്കാളി വണ്ടി സഞ്ചരിക്കും. ജനുവരി ഒന്നുവരെ ഈ സേവനമുണ്ടാകും. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വിപണി പ്രവര്‍ത്തിക്കുക. കൃഷി വകുപ്പിന്റെ വാഹനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിഎഫ്പിസികെ യുടെ ജീവനക്കാര്‍ മുഴുവന്‍ സമയവും വാഹനത്തോടൊപ്പമുണ്ടാകും.വില്‍പ്പനക്കും മറ്റ് ജോലിക്കുമായി ദിവസ വേതനാടിസ്ഥാനത്തില്‍ കര്‍ഷകരെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. വാങ്ങുന്ന സാധനങ്ങള്‍ക്ക് തക്കാളി വണ്ടിയില്‍ നിന്നുള്ള പ്രത്യേക ബില്ലും ഉപഭോക്താക്കള്‍ക്ക് നല്‍കും. ഗ്രാമീണ കര്‍ഷകര്‍, ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകള്‍ എന്നിവ വഴി വിഷരഹിത നാടന്‍ ജൈവ പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക. ശീതകാല പച്ചക്കറികളായ ക്യാരറ്റ്, കാബേജ്, കിഴങ്ങ് എന്നിവ വട്ടവടയില്‍ നിന്നാണ് ശേഖരിക്കുന്നത്. ലോ റേഞ്ചിലെ തക്കാളി വണ്ടി തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എലിസബത്ത് പുന്നൂസ്, വിഎഫ്പിസികെ ജില്ലാ മാനേജര്‍ ബിന്ദു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി, ബിജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.







