
തലയോലപ്പറമ്പ്: പുല്ലും പായലും ജലസസ്യങ്ങളും വളര്‍ന്നു തിങ്ങി നീരൊഴുക്കു നിലച്ച കരികനാല്‍ തോട് ശുചീകരിച്ച് നീരൊഴുക്കു ശക്തമാക്കണമെന്ന ആവശ്യം ശക്തമായി. മൂവാറ്റുപുഴയാറിനെയും കരിയാറിനെയും ബന്ധിപ്പിക്കുന്ന കരികനാല്‍ തോട് തലയോലപ്പറന്പിലെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കൃഷിക്കും ഇടവിളകള്‍ക്കും ശുദ്ധജലമെത്തിക്കുന്ന പ്രധാന ജലസ്രോതസാണ്. പുല്ലും പായലും ആന്പലുമടക്കമുള്ള ജലസസ്യങ്ങളും വളര്‍ന്നു നിറഞ്ഞതോടെ പാടശേഖരങ്ങളില്‍ വെള്ളമെത്തുന്നില്ല. തോട്ടിലെ ജലം മലിനമായതോടെ പ്രദേശവാസികള്‍ക്ക് അലക്കാനോ കുളിക്കാനോ സാധിക്കുന്നില്ല. തോട്ടിലിറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞുതടിക്കുകയാണ്. നീരൊഴുക്ക് നിലച്ച തോട്ടില്‍ കൊതുകുശല്യവുമേറെയാണ്.തോടിന്റെ തെക്കുഭാഗത്തെ മണ്‍വഴിയില്‍ വിഷപ്പാന്പുകളുടെ ശല്യം ഏറുകയാണ്. മഴയില്‍ കുതിര്‍ന്ന മണ്‍വഴിയിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്കുപോലും പോകാന്‍ കഴിയാത്ത സാഹചര്യമാണ്. മൂവാറ്റുപുഴയാറില്‍ നിന്നാരംഭിച്ചു വടയാര്‍ കോരിക്കല്‍വഴി കരിയാറില്‍ ചേരുന്ന കരികനാല്‍ തോട് ശുചീകരിച്ച് നീരൊഴുക്കു ശക്തമാക്കി പ്രദേശവാസികളെ മലിനീകരണ ഭീഷണിയില്‍നിന്നു രക്ഷിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ ശുദ്ധജലം ഉറപ്പാക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







