
തെന്മല: മണ്ഡലകാലമായിട്ടും കിഴക്കന്‍മേഖലയില്‍ കൊല്ലം-തിരുമംഗലം ദേശീയപാതയിലെ അപകടാവസ്ഥ പരിഹരിക്കാനുള്ള നടപടിയില്ല. തമിഴ്നാട്ടില്‍നിന്നുള്‍പ്പെടെ നിത്യേന നിരവധി അയ്യപ്പഭക്തരെത്തുന്ന പാതയില്‍ പലയിടത്തും അപകടാവസ്ഥയുണ്ട്. പാതയില്‍ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനുസമീപം സ്ഥാപിച്ച അപകടസൂചകങ്ങള്‍ മഴവെള്ളത്തിനൊപ്പമെത്തിയ കല്ലിനും മണ്ണിനുമൊപ്പം നിരന്നുകിടക്കുകയാണ്.ഇവിടെ മുന്‍പ് പാതയരികില്‍ മണ്ണിടിഞ്ഞിരുന്നു. കോട്ടവാസല്‍ ഭാഗത്തുനിന്ന് ഇറക്കമിറങ്ങിയെത്തുന്ന വാഹനങ്ങള്‍ അമിതവേഗത്തിലാണ് പായുന്നത്. ഇവിടെ ക്ഷേത്രം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വളവില്‍ അപകടഭീഷണിയുള്ളത് മുന്‍കൂട്ടി ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടിയാണ് വേണ്ടത്.പാലരുവി കവലയ്ക്കുസമീപം റോഡിന്റെ വശമിടിഞ്ഞഭാഗത്ത് മരത്തിന്റെ ശിഖരങ്ങള്‍ കൂട്ടിക്കിടക്കുന്നുണ്ട്. കൂടാതെ പതിമൂന്നുകണ്ണറയ്ക്കു മുന്‍വശത്ത് വെള്ളമൊഴുകി റോഡിന്റെ വശം കുഴിഞ്ഞിട്ടുമുണ്ട്. കഴുതുരുട്ടി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. ഇവിടെ ദേശീയപാതയോടുചേര്‍ന്നാണ് കഴുതുരുട്ടിയാര്‍ ഒഴുകുന്നത്. തെന്മല എം.എസ്.എല്‍.വളവില്‍ നിയന്ത്രണവേലികള്‍ ഇളകിയത് പുനഃസ്ഥാപിച്ചിട്ടില്ല. അപകടസൂചക ലൈറ്റുകള്‍ പ്രകാശിക്കുന്നുമില്ല. ഇതുകാരണം രാത്രി റോഡിലെ അപകടാവസ്ഥ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. മാസങ്ങള്‍ക്കുമുന്‍പ് ചരക്കുലോറി മറിഞ്ഞ് റോഡിന്റെ വശമിടിഞ്ഞ ഇടമണ്‍-34, കുന്നുംപുറം കവലയിലെ അപകടാവസ്ഥയും പരിഹരിച്ചിട്ടില്ല. വെള്ളമല ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ടാറിങ്ങിനോടു ചേര്‍ന്നുള്ള മണ്ണൊലിച്ചുപോയത് ചെറിയ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.




