തൃശൂർ. 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കനക കിരീടം കോഴിക്കോട് ജില്ല സ്വന്തമാക്കി. ഇതോടെ തുടര്‍ച്ചായുള്ള പന്ത്രണ്ടാം തവണയും കീരിടം സ്വന്തമാക്കുന്ന ജില്ലയായി കോഴിക്കോട് മാറുകയും ചെയ്തു.
895 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 893 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 865 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാല് മത്സരങ്ങള്‍ മാത്രമുള്ള അവസാന ദിവസം ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കനക കിരീടം കോഴിക്കോട് തന്നെ സ്വന്തമാക്കുകയായിരുന്നു.
മലപ്പറം(865), കണ്ണൂര്‍(885), തൃശ്ശൂര്‍(854), എറണാകുളം(824), കോട്ടയം(788), തിരുവനന്തപുരം(786), കൊല്ലം(785), ആലപ്പുഴ(785), കാസര്‍കോട്(755), വയനാട്(710), പത്തനംതിട്ട(700), ഇടുക്കി(661) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്റ് നില.
2015-ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്‌ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് മൂന്നാം തവണയാണ് നേരിയ പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാവുന്നത്.
1959 ലെ ചിറ്റൂര്‍ കലോത്സവത്തിലൂടെയാണ് കോഴിക്കോട് കിരീട നേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1991, 92, 93 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കിരീടം നേടി. ഇടവേളയ്ക്ക് ശേഷം 2004 മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം കിരീടം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.




