Home Sports പാകിസ്ഥാനുമായി ഇനി അങ്കത്തിനില്ല

പാകിസ്ഥാനുമായി ഇനി അങ്കത്തിനില്ല

1
0

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, പാകിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കുക, അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിക്കുക, പാക് സിനിമാ താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുക, ഇന്ത്യയിലെ ഒന്നിലേറെ സ്റ്റേഡിയങ്ങളില്‍ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ശക്തമായ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.

ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്നയാണ് രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കെ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരേ കളിക്കരുതെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണെങ്കിലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് സുരേഷ് ബഫ്‌ന പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ ഭാഗത്ത് എവിടെയോ തെറ്റുണ്ടെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെങ്കില്‍ ഇമ്രാന്‍ ഖാന് എന്തുകൊണ്ട് ഇതിനെതിരേ പ്രതികരിച്ചുകൂടായെന്നും സുരേഷ് ചോദിച്ചു.
ആളുകള്‍ക്ക് സത്യമെന്തെന്ന് അറിയണം. അദ്ദേഹം തുറന്നുപറയാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരുടെ കൈയില്‍ രക്തക്കറ പുരണ്ടിട്ടുണ്ടെന്നാണ് അത് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് മുപ്പതിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16-നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തലാക്കിയിരുന്നു. പാക് ട്വന്റി -20 ലീഗിന്റെ സംപ്രേഷണം ഡി സ്‌പോര്‍ട്‌സാണ് അവസാനിപ്പിച്ചത്. ഇന്ത്യയിലെ സംപ്രേഷണമാണ് ലീഗിന്റെ ഔദ്യോഗിക സംപ്രേഷകരായ ഡി സ്‌പോര്‍ട്‌സ് നിര്‍ത്തലാക്കിയത്.
പുല്‍വാമ ഭീകരാക്രമണം ഉണ്ടായ വ്യാഴാഴ്ചയാണ് ദുബായില്‍ വര്‍ണാഭമായ ആഘോഷങ്ങളോടെ പിഎസ്എലിന്റെ നാലാം പതിപ്പ് ആരംഭിച്ചത്. ലീഗിന്റെ രണ്ടാം മത്തെ ദിവസം മുതല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കാന്‍ ഡി സ്‌പോര്‍ട്‌സ് തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധിച്ചില്ല. ശനിയാഴ്ച രാത്രി 9.30 ന് അഞ്ചാം മത്സരം മുതല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here