Home Breaking News പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു

പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു

3
0

കൊച്ചി: പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി വീട്ടിൽ തന്നെയായിരുന്നു.
1913മാർച്ച് 29ന് കൊച്ചി വൈപ്പിൻകരയിൽ മൈക്കിൾ അന്ന ദമ്പതികളുടെ മകനായാണ് പാപ്പുക്കുട്ടി ഭാഗവതർ ജനിച്ചത്. ഏഴാമത്തെ വയസ്സിൽ വേദമണി എന്ന സംഗീത നാടകത്തിൽ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ മിശിഹാചരിത്രം എന്ന നാടകത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിനൊപ്പം മഗ്ദലന മറിയത്തെ അവതരിപ്പിച്ച ഭാഗവതർ പിന്നീട് ഇതേ നാടകത്തിൽ സ്‌നാപക യോഹന്നാനെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തുടർന്ന് മുപ്പത്തിയേഴോളം നാടകങ്ങളിൽ അഭിനയിച്ചു.
ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ നാടകാവതരണം കാണാനിടയായ പക്ഷിരാജ സ്റ്റുഡിയോക്കാർ അവരുടെ ‘പ്രസന്ന’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഭാഗവതരെ ക്ഷണിക്കുകയായിരുന്നു. ‘പ്രസന്ന’യിൽ വിധിയുടെ ലീല എന്ന അശരീരി ഗാനം പാടുകയും ചെയ്തു, അങ്ങനെ മുപ്പത്തിയേഴാമത്തെ വയസ്സിൽ ചലച്ചിത്ര നടനും ഗായകനുമായി. പിന്നീട് കറുത്ത കൈ എന്ന ചിത്രത്തിനുവേണ്ടി കള്ളനെ വഴിയിൽ മുട്ടി എന്ന ഗാനം യേശുദാസിനൊപ്പം പാടി. ആശാചക്രം എന്ന ചിത്രത്തിൽ കണ്ണേ കരളേ എന്ന ഗാനം ഭാഗവതരോടൊപ്പം പാടിയത് പ്രശസ്ത നടിയും ഗായികയുമായ ശ്രീലതയാണ്. പിന്നീട് ദീപം എന്നൊരു ചിത്രത്തിനു വേണ്ടി ചിദംബരനാഥിന്റെ സംഗീതത്തിൽ പാടിയെങ്കിലും അതു പൂർത്തിയായില്ല.
പ്രസന്നയ്ക്കു ശേഷം ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, ഒരാൾ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യർ , അഞ്ചു സുന്ദരികൾ,വിരുതൻ ശങ്കു, പഠിച്ച കള്ളൻ, ശ്യാമളച്ചേച്ചി, ആദ്യകിരണങ്ങൾ, കാട്ടുകുരങ്ങ്,തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഒടുവിൽ വേഷമിട്ടത് വൈസ്ചാൻസലർ എന്ന ചിത്രത്തിലാണ്. ആദ്യ ഗാനം പാടി 60 വർഷത്തിനുശേഷം തൊണ്ണൂറ്റെട്ടാമത്തെ വയസ്സിൽ വീണ്ടും ഒരു സിനിമയിൽ പാടിക്കൊണ്ട് പാപ്പുക്കുട്ടി ഭാഗവതർ ചരിത്രം സൃഷ്ടിച്ചു, 2010 ൽ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ എന്റെടുക്കൽ… വന്നടുക്കും പെമ്പറന്നോരെ എന്ന ഗാനം ജനശ്രദ്ധ നേടി. ഒരുപക്ഷേ ഇൻഡ്യൻ സിനിമയിൽത്തന്നെ ഈ പ്രായത്തിൽ പാടുന്ന ആദ്യത്തെയും അവസാനത്തെയും ഗായകനായിരിക്കും പാപ്പുക്കുട്ടി ഭാഗവതർ, പാപ്പുക്കുട്ടി ഭാഗവതരുടെ സഹധർമ്മിണി ബേബി. ഗായികയും സംവിധായകൻ കെജി ജോർജ്ജിന്റെ പത്‌നിയുമായ സൽമ ജോർജ്ജ്, നടൻ മോഹൻ ജോസ്, സാബു, സാലി, ജീവൻ എന്നിവർ മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here