Home Breaking News പുനഃസംഘടന; ബി.ജെ.പിയില്‍ അതൃപ്തി പുകയുന്നു

പുനഃസംഘടന; ബി.ജെ.പിയില്‍ അതൃപ്തി പുകയുന്നു

2
0

പുനഃസംഘടന; ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു

ചേര്‍ത്തല: ബി.ജെ.പി നിയോജക മണ്ഡലംകമ്മിറ്റി വിഭജിച്ചു നടത്തിയ പുനഃസംഘടനയിലെ അസംതൃപ്തി പരസ്യമാകുന്നു. പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്നവരാണ് പ്രതിഷേധസ്വരമുയര്‍ത്തിയിരിക്കുന്നത്. പട്ടികജാതി മോര്‍ച്ച നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് എ.ആര്‍. ബിനുവും കൂട്ടാളികളും പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു.കഴിഞ്ഞദിവസം അയ്യപ്പഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസറില്‍നിന്നു പാര്‍ട്ടിപ്പതാക സ്വീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തില്‍ ബി.ജെ.പിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഒരുപരിഗണനയും നല്‍കാത്തസ്ഥിതിയാണെന്നും എ.ആര്‍. ബിനു പറഞ്ഞു. സ്ഥാനം ലഭിക്കാത്തതിലല്ല അവശതയനുഭവിക്കുന്നവരെ അവഗണിക്കുന്നതിനാലാണു പാര്‍ട്ടിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം കമ്മിറ്റി ചേര്‍ത്തല, മുഹമ്മ കമ്മിറ്റികളാക്കി വിഭജിച്ചാണു പുനഃസംഘടന നടത്തിയത്. അര്‍ഹരായവര്‍ക്കെല്ലാം അംഗീകാരം നല്‍കിയുള്ള പുനഃസംഘടനയാണു നടത്തിയതെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും പ്രതിഷേധസ്വരങ്ങള്‍ പലയിടത്തുനിന്നുയരുന്നുണ്ട്. മുന്‍ സെക്രട്ടറിയും ജനപ്രതിനിധിയുമായ വനിതാ നേതാവിനെ പരിഗണിക്കാത്തതിനാല്‍ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറുകയാണെന്നുകാട്ടി അവര്‍ പരസ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടികളിലൊന്ന് ഇവരുമായി ആശയവിനിമയം നടത്തിയതായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം ഭാരവാഹിത്വത്തില്‍ ഉള്‍പ്പെട്ടനേതാവും പ്രതിഷേധമുയര്‍ത്തിയതായാണു വിവരം. രണ്ടുമണ്ഡലങ്ങളിലും സുരേന്ദ്രന്‍പക്ഷത്തിനാണു സമഗ്രാധിപത്യം .മണ്ഡലത്തിലെ കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നേതാവുമായി ബന്ധപ്പെട്ടവരെ തിരഞ്ഞുപിടിച്ചു തഴഞ്ഞതായുള്ള വിമര്‍ശനവും ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. അര്‍ഹരായവരെ പരിഗണിക്കാതെ ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇവരുടെ വിമര്‍ശനം. എന്നാല്‍, ഗ്രൂപ്പുപ്രവര്‍ത്തനങ്ങളൊന്നും പാര്‍ട്ടിയില്‍ ഇല്ലെന്നും പ്രവര്‍ത്തനം മാനദണ്ഡമാക്കിയാണ് പുനഃസംഘടനയെന്നുമാണ് ഔദ്യോഗികപക്ഷത്തിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here