
ചങ്ങാനാശേരി: കിടങ്ങറ-കണ്ണാടി റോഡില്‍ ചങ്ങനാശേരി-ആലപ്പുഴ ജലപാതക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ഉയരം കുറഞ്ഞ കിടങ്ങറ കെസി പാലം പുനര്‍ നിര്‍മാണത്തിന് 42.33 കോടി രൂപയുടെ ഭരണാനുമതിയായി. കിടങ്ങറ ഗവ.ഹയര്‍സെക്കഡറി സ്‌കൂളിനു സമീപം മണ്ണാര്‍തോട്ടില്‍ വെളിയനാട് പഞ്ചായത്തിലെ ഒന്പത്, പത്ത് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് വര്‍ഷങ്ങളായി വഴിമുടക്കിയായി നില്‍ക്കുന്നത്. വെളിയനാടിനെ ആലപ്പുഴ-ചങ്ങനാശേരി റോഡുമായി ബന്ധിപ്പിക്കാന്‍ സാധിച്ചെന്നുള്ളത് മാറ്റി നിര്‍ത്തിയാല്‍ ഈ പാലം ശാപമായിരുന്നു. 20 അടി വീതിയും 50 മീറ്ററോളം മാത്രം നീളവുമുളള പാലത്തിനടിയിലൂടെയാണ് ചങ്ങനാശേരിയിലേക്കുള്ള യാത്രാബോട്ടുകള്‍ കടന്നുവരുന്നത്. ബോട്ടിന് കഷ്ടിച്ചു കടന്നു പോകുവാനുള്ള വീതി മാത്രമാണ് പാലത്തിന്റെ രണ്ടു സ്പാന്‍ തമ്മിലുള്ള അകലം. കൂടാതെ മുകളില്‍ കാബിനുളള ബോട്ടുകള്‍ പാലത്തിനടിയിലൂടെ കടന്നുവരാന്‍ പ്രയാസവുമായിരുന്നു. പലപ്പോഴും ബോട്ടുകള്‍ക്ക് പാലത്തിന് താഴ്ഭാഗവുമായി തൊട്ടുരുമ്മി പോകണ്ട അവസ്ഥയാണുണ്ടായിരുന്നത്. ഇതുമൂലം മുകളില്‍ കാബിന്‍ ഇല്ലാത്ത ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഇത്തരം ബോട്ടുകള്‍ പൊതുവെ വലിപ്പക്കുറവായതുകാരണം കൂടുതല്‍ യാത്രക്കാര്‍ക്ക് കയറാനുമാകില്ല. ചങ്ങനാശേരിയുടെ സമഗ്രവികസനത്തിന് നാഴികക്കല്ലാകും: എംഎല്‍എ കെസി പാലം പുതുക്കി പണിയുന്നത് ചങ്ങനാശേരിയുടെ വികസനത്തിനു ഉണര്‍വാകുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. കൂടുതല്‍ യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും കടന്നുവരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചങ്ങനാശേരി ബോട്ടുജട്ടിയുടെ പായലും പോളയും നീക്കം ചെയ്യുകയും ആഴം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.





