Home Business പൊതുമേഖലാബാങ്കുകള്‍ പിഴയിനത്തില്‍ ഇടപാടുകാരില്‍ നിന്ന് പിടിച്ചത് പതിനായിരം കോടി

പൊതുമേഖലാബാങ്കുകള്‍ പിഴയിനത്തില്‍ ഇടപാടുകാരില്‍ നിന്ന് പിടിച്ചത് പതിനായിരം കോടി

1
0

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ മൂന്നര വര്‍ഷം കൊണ്ട് ഇടപാടുകാരില്‍ നിന്ന് പിഴയിനത്തില്‍ പിടിച്ചത് 10,391 കോടി രൂപ. അക്കൗണ്ടില്‍ കുറഞ്ഞ തുക (മിനിമം ബാലന്‍സ്) സൂക്ഷിക്കാതിരിക്കുക, സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തുക എന്നീ ഇനത്തിലാണ് ഇത്രയും തുക ബാങ്കുകള്‍ പിടിച്ചെടുത്തത്. കുറഞ്ഞ തുകയില്ലാതിരുന്നതിനാല്‍ 6,246 കോടി രൂപയും എടിഎം ഇടപാടുകള്‍ക്ക് 4,145 കോടി രൂപയുമാണ് ഈടാക്കിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല.

പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കിയതായും 2017 ഏപ്രിലില്‍ വീണ്ടും തുടങ്ങിയതായും പറയുന്നു. 2017 ഒക്ടോബറില്‍ മിനിമം ബാലന്‍സ് തുക കുറച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ പിഴ ഈടാക്കുന്നത് തുടരുന്നുണ്ട്. വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് 2,894 കോടി രൂപയാണ് എസ്ബിടി പിഴ ഈടാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 493 കോടി, കാനറാ ബാങ്ക് 352 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 348 കോടി, ബാങ്ക് ഓഫ് ബറോഡ 328 കോടി എന്നിങ്ങനെയാണ് ഈടാക്കിയിരിക്കുന്നത്.

എടിഎമ്മില്‍നിന്ന് നിശ്ചിതതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിന് എസ്ബിടി 1,554 കോടി രൂപ ഇടപാടുകാരില്‍നിന്നു പിഴ ചുമത്തി. ബാങ്ക് ഓഫ് ഇന്ത്യയാണു രണ്ടാമത് 464 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് 323 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 241 കോടി, ബാങ്ക് ഓഫ് ബറോഡ 183 കോടി എന്നിങ്ങനെയാണു മറ്റു പ്രധാന ബാങ്കുകളുടെ കണക്ക്.

ലോക്സഭാ എംപി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ചുമത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here