Home Kerala ഹര്‍ത്താല്‍ വിരുദ്ധകൂട്ടായ്മയ്ക്ക് പിന്തുണയേറുന്നു; ഹര്‍ത്താല്‍ വേണ്ടെന്ന് വ്യവസായ, വാണിജ്യ, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

ഹര്‍ത്താല്‍ വിരുദ്ധകൂട്ടായ്മയ്ക്ക് പിന്തുണയേറുന്നു; ഹര്‍ത്താല്‍ വേണ്ടെന്ന് വ്യവസായ, വാണിജ്യ, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

1
0

കൊച്ചി: കേരളത്തില്‍ ഹര്‍ത്താല്‍ വിരുദ്ധകൂട്ടായ്മയ്ക്ക് പിന്തുണയേറുന്നു. വ്യവസായ, വാണിജ്യ, സന്നദ്ധ സംഘടനകള്‍ ഹര്‍ത്താല്‍ വേണ്ടെന്ന അഭിപ്രായവുമായി ഒന്നിച്ചു. ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവനയും വോട്ടും നല്‍കില്ലെന്നു വിവിധ വ്യവസായ, വാണിജ്യ, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ എഗെന്‍സ്റ്റ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

ഫിക്കി, സിഐഐ, ടൈ കേരള, ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ് തുടങ്ങിയവ ഉള്‍പ്പെടെ 42 സംഘടനകള്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കേരളത്തിലെ പ്രമുഖ സംഘടനകളാണ് ഈ തീരുമാനത്തിന് പിന്നില്‍. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ്.ഗോപകുമാര്‍, ജോസ് ഡൊമിനിക്, ഷീല കൊച്ചൗസേപ്പ്, ജോര്‍ജ് മുത്തൂറ്റ്, ശിവദാസ് മേനോന്‍, എം.എസ്.എ.കുമാര്‍, ബാലചന്ദ്രന്‍, രാജു പി.നായര്‍, ഷെറിന്‍ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാധ്യമങ്ങള്‍ ഹര്‍ത്താലിനും അനുബന്ധ വാര്‍ത്തകളും അമിത ഗൗരവവും പ്രാധാന്യവും നല്‍കരുത്. ഹര്‍ത്താല്‍ ദിനത്തില്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതിനെക്കുറിച്ചാണു വാര്‍ത്ത നല്‍കേണ്ടതെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ട് വച്ചത്. ജനുവരി 8, 9 തീയതികളിലെ പൊതുപണിമുടക്ക് ഹര്‍ത്താലായി മാറാന്‍ അനുവദിക്കരുതെന്നും ഈ കൂട്ടായ്മ ആവശ്യപ്പെടുന്നു. ശക്തമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം. ഹര്‍ത്താലിനോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ആരും ഹര്‍ത്താലിനെ സ്വാഗതം ചെയ്യുന്നില്ല. ഹര്‍ത്താലിനെതിരെ നിലപാടെടുക്കാന്‍ പ്രധാന രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ജനുവരി 8നും 9നും ഇടതുപക്ഷമാണ് പൊതു പണിമുടക്കിന്റെ കേരളത്തിലെ പ്രധാന സംഘാടകര്‍. അതുകൊണ്ട് തന്നെ സംഘടനയുടെ ആവശ്യങ്ങളോട് എങ്ങനെ സര്‍ക്കാര്‍ പ്രതികരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here