മുംബൈ: പ്രതിഭയുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു പ്രശ്‌നമല്ലെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഇന്ത്യ കപ്പടിക്കുകയും ധോണി സ്ഥിരത നിലനിര്‍ത്തി മികവുറ്റ പ്രകടനം കാഴ്ചവെക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെയെന്തിന് അദ്ദേഹം വിരമിക്കണം ? ലോകകപ്പിന് ശേഷവും ധോണിക്ക് ടീമില്‍ കളിക്കാന്‍ കഴിയുമെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് നിങ്ങള്‍ പറയുന്നത് എന്തുകൊണ്ടാണെന്നും ഗാംഗുലി ചോദിക്കുന്നു.
ഇക്കൊല്ലം മെയില്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് ഗാംഗുലി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ധോണിയുടെ മോശം ബാറ്റിങ് ശരാശരിയാണ് അദ്ദേഹത്തിനെതിരെ ശബ്ദമുയരാന്‍ കാരണം. എന്നാല്‍ ഇക്കൊല്ലം ധോണി വന്‍ തിരിച്ചുവരവാണ് നടത്തിയത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തിലായിരുന്നു ധോണിയുടെ തിരിച്ചുവരവ്. 2019 ആദ്യ ഏകദിന പരമ്പരയില്‍ ആസ്‌ട്രേലിയക്കെതിരെ മൂന്നു അര്‍ധ സെഞ്ച്വറികള്‍ വാരിക്കൂട്ടിയാണ് ധോണി തന്റെ പ്രതാപകാലത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചത്. മികച്ച പ്രകടനത്തിലൂടെ പുതു വര്‍ഷത്തെ ആദ്യ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
പിന്നീട് കിവീസിനെതിരെയും ഇപ്പോള്‍ ഓസീസിനെതിരായ പരമ്പരയിലും മികവുറ്റ പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്.







