തിരുവനന്തപുരം: സുപ്രസിദ്ധ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി. ബാലഭാസ്‌ക്കറിന്റെ ഡ്രൈവറും ഭാര്യയും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലഭാസ്‌ക്കറും ഭാര്യയും കുഞ്ഞും സഞ്ചരിച്ചിരുന്ന ഇന്നോവകാര്‍ അപകടത്തില്‍ പെട്ടത്. അപകടം നടക്കുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌ക്കറായിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗുരുതരമായ പരിക്കില്‍ നിന്നും മോചിതയായി തിരിച്ചുവന്ന ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിയില്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ തന്നെയായിരുന്നു എന്നാണ് പറയുന്നത്.
പിറ്റേന്ന് ഷോ ഉള്ളതിനാല്‍ ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു. അര്‍ജുന്‍ നല്‍കിയിരുന്ന മൊഴി പച്ചക്കള്ളമാണ്. അപകടം നടക്കുമ്പോള്‍ താനും മകളുമായിരുന്നു മുന്‍സീറ്റില്‍ എന്നുമാണ് ലക്ഷ്മി പോലീസിനോട് പറഞ്ഞത്.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങൂമ്പോഴായിരുന്നു കാര്‍ അപകടത്തില്‍ ബാലഭാസ്‌ക്കര്‍ മരിച്ചത്. അന്നേദിവസം അവിടെ തങ്ങാന്‍ ഇവര്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും തിരിച്ചുപോരുകയായിരുന്നു. രാത്രി 11 മണിയോടെ തൃശൂരില്‍ നിന്നും തിരിച്ച സംഘത്തിന്റെ കാര്‍ പുലര്‍ച്ചെ പള്ളിപ്പുറത്തിനടുത്തുവെച്ച് അപകടത്തില്‍ പെടുകയായിരുന്നു. സ്ഥലത്തുവെച്ചു തന്നെ മകള്‍ മരിച്ചപ്പോള്‍ ബാലഭാസ്‌ക്കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. അര്‍ജുനും ലക്ഷ്മിയും ചികിത്സയിലായിരുന്നു







