ബംഗളുരു: മന്ത്രിസ്ഥാനത്തെ ചൊല്ലി ജെഡിഎസിലുണ്ടായ ചേരിപ്പോരില്‍ ദേശീയാധ്യക്ഷന്‍ ദേവെഗൗഡ നേരിട്ടിടപെട്ടതോടെ പരിഹാരമാകുന്നു. ജലവിഭവവകുപ്പ് മന്ത്രിയും ജെഡിഎസ് എംഎല്‍എയുമായ മാത്യു ടി.തോമസ് രാജി വയ്ക്കും. പകരം ജെഡിഎസില്‍ നിന്ന് കെ.കൃഷ്ണന്‍ കുട്ടി എംഎല്‍എ പുതിയ മന്ത്രിയാകും. ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാനപ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്ന് ജെഡിഎസില്‍ കലാപമുയര്‍ന്നിരുന്നു. പല തവണ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പരാതിയുമായെത്തി.
ഒടുവില്‍ ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്‌നത്തിലിടപെടുകയായിരുന്നു. ഇന്ന് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയില്ല. ഒടുവില്‍ മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചു.
മാത്യു ടി.തോമസ് നേരത്തേയും പാര്‍ട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിയെ മാറ്റുകയാണെന്ന് മുഖ്യമന്ത്രിയെ ജെഡിഎസ് രേഖാമൂലം അറിയിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ജി. വിജയരാഘവനെയും ജെഡിഎസ് അറിയിച്ചു.







