കാട്ടകാമ്പാല്‍: ബൈക്ക് അഭ്യാസം നടത്തിയത് ചോദ്യംചെയ്തവര്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണി. സ്രായില്‍ക്കടവില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സ്ത്രീകളും കുട്ടികളും നോക്കിനില്‍ക്കെ കാറിലും ബൈക്കിലുമെത്തിയ ആറംഗസംഘം അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസായതിനാല്‍ കടവില്‍ സായാഹ്നം കാണാന്‍ നിരവധിപേരെത്തിയിരുന്നു.ഇതിനിടയിലാണ് ഒരു സംഘം അപകടകരമായ വിധത്തില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്.അഭ്യാസപ്രകടനം ചോദ്യംചെയ്ത സ്രായില്‍ സ്വദേശികളായ ജഗത്, അനൂപ് തുടങ്ങിയവരെ ആക്രമിക്കുകയും എതിര്‍ത്തപ്പോള്‍ തോക്കുചൂണ്ടി ഭയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബൈക്കില്‍ തോക്കുമായി റോന്തുചുറ്റിയ ശേഷം സംഘം കടന്നുകളഞ്ഞു.മലപ്പുറം ജില്ലയിലെ അയിനിച്ചോട് സ്വദേശികളാണ് ആക്രമണത്തിനു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുന്നംകുളം എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഗുണ്ടാ, ലഹരി മാഫിയകള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും പോലീസിന്റെ സേവനം ലഭ്യമാക്കുമെന്നും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. മണികണ്ഠന്‍ അറിയിച്ചു.










