Home Latest News in Kerala ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടിയായില്ല

ബൈപ്പാസില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടിയായില്ല

1
0

കൊല്ലം: കൊല്ലം ബൈപ്പാസ് തുറന്നുനല്‍കി മൂന്നുവര്‍ഷമാകുമ്പോഴും അപകടങ്ങള്‍ കുറയ്ക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം എങ്ങുമെത്തിയില്ല. ബൈപ്പാസ് തുടങ്ങുന്ന ആല്‍ത്തറമൂട്, നീരാവില്‍ ടോള്‍ പ്ലാസ, അയത്തില്‍, മേവറം എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാമറകളുള്ളത്.ഇതില്‍ ആല്‍ത്തറമൂട്ടിലേതും അയത്തിലേതും സിറ്റി പോലീസ് മാര്‍ച്ചില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ്. മേവറത്ത് മാലിന്യംതള്ളുന്നത് തടയാന്‍ സ്ഥാപിച്ച ക്യാമറ പ്രവര്‍ത്തനരഹിതമാണ്. വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങള്‍ക്കുശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ കണ്ടെത്താനാകാതെവരുന്നതും പോലീസിന് തലവേദനയാകാറുണ്ട്.അപകടങ്ങള്‍ പതിവായ കടവൂര്‍ ജങ്ഷനിലും റോഡരികിലെ ഹോട്ടലുകളുടെ ക്യാമറകളാണ് പോലീസിന് ആശ്രയം. മങ്ങാട് അപ്പുപ്പന്‍കാവിനെതിര്‍വശത്ത് വ്യക്തി വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയാണ് മങ്ങാട് പാലത്തിനു സമീപം നടക്കുന്ന അപകടങ്ങളില്‍ പലപ്പോഴും പോലീസിന്റെ രക്ഷയ്‌ക്കെത്തിയിട്ടുള്ളത്.ബൈപ്പാസ് തുറന്നതിനുപിന്നാലെയാണ് ആല്‍ത്തറമൂടുമുതല്‍ മേവറംവരെ 36 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അപകടങ്ങളുടെ എണ്ണം അതിക്രമിച്ചപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. അപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടു.ഇതിന് പിന്നാലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അപ്രോച്ച് റോഡുകളില്‍ സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുകയും ചെയ്തു.എങ്കിലും ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം എങ്ങുമെത്തിയില്ല. മോട്ടോര്‍ വാഹനവകുപ്പും പോലീസും ദേശീയപാതാധികൃതരും ബൈപ്പാസ് സന്ദര്‍ശിച്ച് പരിശോധന നടത്തുകയും ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്തു.പിന്നാലെ കെല്‍ട്രോണിനു ചുമതല നല്‍കി. കാലതാമസം വന്നതോടെ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെല്‍ട്രോണില്‍നിന്ന് ദേശീയപാതാ ഇലക്ട്രിക്കല്‍ വിഭാഗത്തിനു നല്‍കി.കഴിഞ്ഞ ഏപ്രിലില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ പ്രാരംഭനടപടിപോലും തുടങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here