
ഷൊര്‍ണൂര്‍: ഒന്നും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ വീട്ടിലെ കിടപ്പുമുറിയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയെ കൊലപാതക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ പരിയന്തടം വിനോദിന്റെ ഭാര്യ ദിവ്യയെ (28) ആണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു മഞ്ചേരി സ്‌പെഷല്‍ സബ് ജയിലിലേക്കു കൊണ്ടുപോയി.ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂരിലാണു കഴിഞ്ഞ ഞായറാഴ്ച നാടിനെ നടുക്കിയ സംഭവം. അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണു മരിച്ചത്. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അമ്മിക്കല്ലിന്മേല്‍ കൈവച്ചു മടവാള്‍ കൊണ്ടു സ്വയം വെട്ടിയതിനെത്തുടര്‍ന്ന് എല്ലു പൊട്ടി ദിവ്യയ്ക്കു പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട് സംഭവം നടന്ന വീട്ടിലേക്കു തെളിവെടുപ്പിനു കൊണ്ടുപോയി. വീട്ടിലുള്ള ഭര്‍ത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനമാണു കുട്ടികളെ കൊന്നു ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണു ദിവ്യ പൊലീസിനോടു പറഞ്ഞത്. ഭര്‍ത്താവും ഭര്‍തൃമാതാവും സ്‌നേഹത്തോടെയാണു പെരുമാറിയിരുന്നതെന്നും ദിവ്യയുടെ മൊഴിയില്‍ പറയുന്നു.കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയില്‍ ദിവ്യയെ കണ്ട ഭര്‍ത്താവ് വിനോദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീടാണു കുട്ടികള്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്. പൊലീസ് എത്തിയ സമയത്തു വിനോദിന്റെ മാതാവ് അനിതയുടെ അമ്മ അമ്മിണിയമ്മ (68) കൈത്തണ്ടയിലെ ഞരമ്പു മുറിച്ചിരുന്നു. അമ്മിണിയമ്മയുടെ മൊഴിയും ഇന്നലെ പൊലീസ് രേഖപ്പെടുത്തി.ആദ്യം ഒരു വയസ്സുകാരന്‍ അഭിനവിനെയും പിന്നീട് നാലു വയസ്സുകാരന്‍ അനിരുദ്ധിനെയും തലയണ കൊണ്ടു മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായാണു ദിവ്യ പൊലീസിനോടു വെളിപ്പെടുത്തിയത്. പിന്നീട് ഷാള്‍ ജനല്‍കമ്പിയില്‍ കെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ കുട്ടികളെ കിടത്തുന്ന തൊട്ടിലിന്റെ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിടാന്‍ ശ്രമവും നടത്തി.പിന്നീട് അമ്മിക്കല്ലില്‍ കൈത്തണ്ട വച്ചു മടവാള്‍ കൊണ്ടു വെട്ടിയെങ്കിലും കൈഞരമ്പു മുറിഞ്ഞില്ലെന്നു ബോധ്യപ്പെട്ടതോടെ ബ്ലേഡ് ഉപയോഗിച്ചു മുറിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പി.എം.ഗോപകുമാര്‍, എസ്‌ഐ കെ.വി.വനില്‍കുമാര്‍, എഎസ്‌ഐ കെ.മധുസൂദനന്‍, എസ്‌ഐ വി.ബിന്ദു, ജി.ബാബുരാജ്, പി.യു.സുബൈദ, ശരത് കുമാര്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.







