
തെങ്കര: ശക്തമായ മലവെള്ളപ്പാച്ചിലില്‍ അട്ടപ്പാടി ചുരത്തിലെ ആനമൂളി പാലവളവ് കുറുക്കന്‍കുണ്ട് റോഡിലെ ചപ്പാത്തില്‍ പിക്കപ്പ് ജീപ്പ് ഒലിച്ചുപോയി. ഒഴുക്കില്‍പ്പെട്ട വാഹനത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ അച്ഛനെയും മകനെയും നാട്ടുകാര്‍ കയറിട്ടുകൊടുത്താണ് സാഹസികമായി രക്ഷപ്പെടുത്തിയത്. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ പാലവളവ് പുത്തന്‍വീട്ടില്‍ വിനീഷും പിതാവ് സോമനുമാണ് മലവെള്ളപ്പാച്ചിലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ആനമൂളി പാലവളവില്‍ നിന്നും കുറുക്കന്‍കുണ്ട് ഭാഗത്തേക്ക് പോകുന്ന ചപ്പാത്തില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആനമൂളി ഭാഗത്തേക്ക് മഴ കുറവായിരുന്നു. എന്നാല്‍, അട്ടപ്പാടി മലനിരകളിലേക്ക് ശക്തമായ മഴയും ഉണ്ടായിരുന്നു. വൈകീട്ട് നാലുമണി മുതല്‍തന്നെ ആനമൂളി പുഴയില്‍ ശക്തമായ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. ചപ്പാത്തിന്റെ മുകളിലൂടെ ചെറിയതോതില്‍ വെള്ളം ഒഴുകുന്നത് കണ്ട് ജീപ്പ് ചപ്പാത്തിലേക്ക് ഇറക്കിയപ്പോള്‍ പെട്ടെന്ന് വലിയതോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുകയും ജീപ്പ് ഒഴുക്കില്‍പ്പെടുകയുമാണ് ഉണ്ടായത്. മറിഞ്ഞ ജീപ്പില്‍ നിന്നും രണ്ടുപേരും വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു.വിനീഷിന്റെ വീടിന് സമീപത്തെ ഫാമിലേക്ക് കോഴിവേസ്റ്റുമായി വരുമ്പോഴാണ് അപകടം. 50 മീറ്ററോളം മാറിക്കിടന്ന ജീപ്പ് രാത്രിയോടെ ജെ.സി.ബി. ഉപയോഗിച്ച് പുഴക്കരയിലെ മരത്തില്‍ കയറിട്ട് കെട്ടിനിര്‍ത്തിയിരിക്കുകയാണ്. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഇതിനുമുമ്പും പാലവളവ് ചപ്പാത്തില്‍ വാഹനം അപകടത്തില്‍ പെട്ടിരുന്നു. അന്ന് നിര്‍ത്തിയിട്ട വാഹനം ഉരുണ്ടുനീങ്ങിയാണ് അപകടമുണ്ടായത്.







