കൊച്ചി: തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് എകെ ആന്റണിയുടെ മകന്‍ അനില്‍ പാര്‍ട്ടിയിലേക്ക് വന്നതെന്ന ആരോപണത്തിന്് വിശദീകരണവുമായി അനില്‍ തന്നെ രംഗത്തെത്തി. തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്നും പുതിയ കാലത്തിനനുസരിച്ച് പാര്‍ട്ടിയെ മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും അനില്‍ ആന്റണി പറയുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഏതാനും ദിവസം മുന്‍പാണ് അനില്‍ തിരഞ്ഞെടുക്കപ്പെട്ടത്. മകന്റെ സ്ഥാനലബ്ധിയെ പറ്റി ആന്റണി പ്രതികരിച്ചിട്ടില്ല.
തന്റെ രംഗപ്രവേശം കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും ആധുനിക ലോകത്തെ സാങ്കേതിക സാധ്യതകള്‍ക്കനുസരിച്ചു പാര്‍ട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നും അനില്‍ ആന്റണി പറഞ്ഞു.
ആദ്യ പാര്‍ട്ടി പരിപാടിയില്‍ തന്നെ വലിയ നേതാക്കള്‍ക്കൊപ്പം വേദിയില്‍ തന്നെ അനിലിന് ഇരിപ്പിടം കിട്ടുകയും മറ്റും ചെയ്തിരുന്നു. എംഎല്‍എമാരടക്കം പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും സദസില്‍ ഇരുന്നപ്പോഴാണ് അനിലിന് വേദിയില്‍ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു.
എ.കെ.ആന്റണിയുടെ മകന്‍ കോണ്‍ഗ്രസില്‍ അരങ്ങേറ്റം കുറിച്ചത് കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അനില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെല്‍ തലവനായി അനില്‍ ആന്റണിയെ നിയമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മക്കള്‍ രാഷ്ട്രീയമെന്ന ആരോപണം ശക്തമായത്. രണ്ടാഴ്ച മുമ്പാണ് അനില്‍ ആന്റണിയെ കെപിസിസി ഐടി വിഭാഗം കണ്‍വീനറായി നിയമിച്ച കാര്യം പ്രസിഡന്റ് തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചത്. ഇതിനെതിരെ യൂത്ത്‌കോണ്‍ഗ്രസില്‍ നിന്നടക്കം വന്‍ പ്രതിഷേധമുയരുകയും ചെയ്തു.







