
കൊച്ചി: മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരില് ആള്മാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി ‘മുഹമ്മദ് ആദില് സൈനുള്ഭായി’ എന്ന പേരില് ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയ കേസില് തലശ്ശേരി സ്വദേശി വി. റുബായിസ് (31), കൂട്ടുപ്രതികളായ ഈരാറ്റുപേട്ട സ്വദേശി സനൂബ് അലിയാര് (30), ഫാസില് (29), ഏലിയാസ് (30), കെ.ടി. അസീല് (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനല് സെഷന്സ് കോടതി തള്ളിയത്. ഒരു കോടി രൂപ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില് നിക്ഷേപിച്ചതായി വിശ്വസിപ്പിക്കാനുള്ള വ്യാജരേഖയും പ്രതികള് ചമച്ചിരുന്നു. എന്നാല് തന്റെ അക്കൗണ്ടില് പണം നിക്ഷേപിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോഴാണ് ഡോക്ടര് തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസില് പരാതി നല്കിയത്.




