കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറ്റം ചെയ്തതിലെ നിയമപരമായ വിഷയങ്ങൾ കൂടി അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാൽ ഇപ്പോൾ കോവിഡിന്റെ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ നൽകാനാണ് രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ വീണ്ടും സ്പ്രിംഗ്ലർ ഇടപാട് പ്രതിപക്ഷം പൊടി തട്ടിയെടുത്ത് ആയുധമാക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്
തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം പത്തുമണിക്കൂർ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഫോൺ പിടിച്ചെടുത്തതിനെക്കുറിച്ചും ചോദിച്ചപ്പോൾ എല്ലാം പുറത്തുവരട്ടെ, എന്നിട്ടാകാം നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണ റിപ്പോർട്ട് വൈകില്ലെന്നും കുറ്റക്കാർ ആരായാലും അവരെ സംരക്ഷിക്കില്ലെന്നുമുള്ള സ്ഥിരം നിലപാടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്വീകരിച്ചത്. മന്ത്രിസഭ സ്വർണ്ണക്കള്ളക്കടത്ത് കേസിനെക്കുറിച്ചും പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്കിനെക്കുറിച്ചും ചർച്ച ചെയ്‌തോ എന്ന ചോദ്യത്തിന് മന്ത്രിസഭയുടെ അജണ്ടയിൽ അത്തരം കാര്യങ്ങളൊന്നും വന്നില്ലെന്നും കോവിഡിനെക്കുറിച്ചും പ്രതിരോധ കാര്യങ്ങളെക്കുറിച്ചുമാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന ഐടി വകുപ്പിന്റെ ഓഫീസ് എൻഐഎ പരിശോധിക്കുകയും സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോകുകയും ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്വേഷണം നടക്കട്ടെ എന്ന സ്ഥിരം മറുപടി. ശിവശങ്കറിന് ഫഌറ്റ് എടുത്തുകൊടുത്ത ഐടി വകുപ്പിലെ ഉദ്യോഗസ്ഥനെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്ന കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴും അക്കാര്യവും ചീഫ് സെക്രട്ടറി അന്വേഷിക്കും എന്നായിരുന്നു മറുപടി. എന്നാൽ വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രനെ നീക്കം ചെയ്തുകൊണ്ടുള്ള വാർത്തയാണ് പുറത്തുവന്നത്.
മാധ്യമങ്ങളോട് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് ഫഌറ്റ് എടുത്തുകൊടുത്തതെന്ന് ഈ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. അത് വാർത്തയാകുകയും ചെയ്തു. കള്ളക്കടത്ത് സംഘത്തിന് താമസിക്കാൻ ഫഌറ്റ് എടുത്ത അരുൺ ബാലചന്ദ്രനെ എൻഐഎ ചോദ്യം ചെയ്യുമെന്ന ഘട്ടം എത്തിയപ്പോഴാണ് ഈ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തു നിന്നും സർക്കാർ നീക്കിയത്. ശിവശങ്കറും അരുൺ ബാലചന്ദ്രനുമായിട്ടുള്ള വാട്‌സ്അപ്പ് ചാറ്റുകൾ മാധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു.
മാധ്യമങ്ങളോട് സത്യം തുറന്നുപറഞ്ഞ ഉദ്യോഗസ്ഥനെ നീക്കം ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് മുൻ സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചുകൊണ്ടുള്ള വാർത്തയും പുറത്തുവന്നു. സ്പ്രിംഗ്ലർ ഇടപാട് ഹൈക്കോടതിയിലെത്തിയപ്പോൾ മുഖം രക്ഷിക്കാനായി സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനാണ് രാജീവ് സദാനന്ദൻ. കേന്ദ്ര സർക്കാരിൽ നിന്നും റിട്ടയർ ചെയ്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി രണ്ടംഗ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. ഈ വിവരം ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
സ്പ്രിംഗ്ലർ കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയത്. കരാർ നടപ്പാക്കിയത് താനാണെന്ന് ഇപ്പോൾ മാറ്റിനിർത്തപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയ്‌ക്കോ, മറ്റ് വകുപ്പുകൾക്കോ ഇതിൽ പങ്കില്ലെന്ന് ഉത്തമ വിശ്വാസം ഉള്ളതുകൊണ്ടാണ് അമേരിക്കൻ കമ്പനിയുമായി സ്പ്രിംഗ്ലർ ഇടപാടിൽ ഒപ്പുവച്ചതെന്നുമായിരുന്നു ശിവശങ്കറിന്റെ നിലപാട്. ഈ നിലപാട് വിശദീകരിക്കാൻ സിപിഐ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി കാനവുമായി ശിവശങ്കർ കൂടിക്കാഴ്ച നടത്തിയതും അന്ന് വിവാദമായിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പൗരൻമാരുടെ വിവരം ശേഖരിച്ച് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് കൈമാറ്റം ചെയ്തതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിയാകട്ടെ കർശനമായ നിബന്ധനകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. പൗരൻമാരുടെ സമ്മതമില്ലാതെ വിവര ശേഖരണം പാടില്ല. ശേഖരിച്ച വിവരങ്ങൾ അമേരിക്കൻ കമ്പനി മടക്കി നൽകണം. വിവരങ്ങളെല്ലാം മാസ്‌ക് ചെയ്തുവേണം ശേഖരിക്കാൻ. പൗരൻമാരുടെ രേഖാമൂലമുള്ള സമ്മതപത്രം എഴുതിവാങ്ങണം തുടങ്ങിയ നിബന്ധനകളാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് സർക്കാർ സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജീവ് സദാനന്ദനെയും മറ്റൊരു ഉദ്യോഗസ്ഥനേയം നിയമിച്ചത്. മൂന്നുമാസമായി ഈ കമ്മീഷൻ സിറ്റിംഗ് നടത്തുകയോ, പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോഴാകട്ടെ കമ്മീഷനിലെ പ്രധാന അംഗമായ രാജീവ് സദാനന്ദനെ ശിവശങ്കറിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കുകയും ചെയ്തിരിക്കുന്നു.
ഈ നടപടി നിയമപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസ് കോടതിയിലിരിക്കെ സ്പ്രിംഗ്ലർ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ സർക്കാർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത് പരാതിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാം. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറ്റം ചെയ്തതിലെ നിയമപരമായ വിഷയങ്ങൾ കൂടി അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാൽ ഇപ്പോൾ കോവിഡിന്റെ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ നൽകാനാണ് രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ വീണ്ടും സ്പ്രിംഗ്ലർ ഇടപാട് പ്രതിപക്ഷം പൊടി തട്ടിയെടുത്ത് ആയുധമാക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
നിയമവകുപ്പും ധനകാര്യവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അറിയാതെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ കരാറിൽ ഒപ്പുവച്ചത്. ആ ഉദ്യോഗസ്ഥനാകട്ടെ ഇപ്പോൾ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന അവസ്ഥയിൽ സംശയത്തിന്റെ നിഴലിലാണ്. ശിവശങ്കറും സ്വപ്‌നയുമായുള്ള ബന്ധവും കള്ളക്കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ടെലിഫോൺ രേഖകളും കസ്റ്റംസ് പരിശോധിച്ചുവരികയാണ്. സ്വപ്‌നയുമായി മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ട സരിതുമായും സന്ദീപ് നായരുമായും സ്വപ്‌നയുടെ ഭർത്താവ് ജയശങ്കറുമായും ഈ ഉദ്യോഗസ്ഥനുള്ള ബന്ധവും കസ്റ്റംസ് പരിശോധിച്ചുവരികയാണ്. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ വീണ്ടും ഉണ്ടാകും. അതിനുശേഷമാകും പ്രതികളെ എല്ലാവരെയും എൻഐഎ കസ്റ്റഡിയിലെടുത്ത് അവർക്കുള്ള തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുക.
ഓരോ ദിവസവും പുതിയ വഴിത്തിരിവിലാണ് സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണം പുരോഗമിക്കുന്നത്. മുൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും പിന്നീട് ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്‌നയ്ക്ക് യുഎഇയിലും കേരളത്തിലുമുള്ള ഉന്നത ബന്ധങ്ങൾ കസ്റ്റംസും എൻഐഎയും പരിശോധിച്ചുവരികയാണ്. ചില മന്ത്രിമാർക്കും ഐപിഎസുകാരായ ഉദ്യോഗസ്ഥർക്കും കള്ളക്കടത്ത് സംഘവുമായുള്ള ബന്ധവും വരുംദിവസങ്ങളിൽ പുറത്തുവരും.





