ദിവാകരൻ ചോമ്പാല
കേരളീയരുടെ ഭക്ഷണശീലങ്ങളിൽ ഇലക്കറികൾക്കുള്ള സ്ഥാനം ഏറെ മുന്നിലാണെന്നതിൽ തർക്കമുണ്ടാവില്ല .
സാമ്പാർചീര, അടുക്കളച്ചീര, വഷളച്ചീര, അകത്തിച്ചീര, വഷളച്ചീര, സൗഹൃദചീര തുടങ്ങി സുന്ദരിച്ചീര, വെള്ളച്ചീര, മയിൽപ്പീലിച്ചീര, പട്ടുചീര, പച്ചച്ചീര തുടങ്ങി പ്രാദേശികമായി പലതരം ചീരകൾ. ചീരച്ചെടിയുടെ ഉത്ഭവകേന്ദ്രം തെക്ക് പടിഞ്ഞാറൻ ഏഷ്യ.
ചീരയ്ക്ക് സമാനമാണെങ്കിലും, നമ്മുടെ നാടൻ ചീരകളുടെ ഇലകളേക്കാൾ മൂന്നിരട്ടിയിലധികം അളവിൽ പോഷകസമ്പന്നമായതും വർഷങ്ങളോളം വിളവെടുക്കാവുന്നതും അതേസമയം കേരളത്തിന്റെ തനത് കാലാവസ്ഥക്ക് ഏറെ അനുയോജ്യവും രുചികരമായ ഇലക്കറിച്ചെടിയാണ് വിദേശത്തുനിന്നുമെത്തിയ മെക്സിക്കൻ ചീര അഥവാ ചായമൻസ എന്ന മരച്ചീര.
ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമൃദ്ധിയായി വളരുന്ന മെക്‌സിക്കൻ ചീര പേരു പോലെതന്നെ മെക്സിക്കൻ സ്വദേശിയായ ഒരു കുറ്റിച്ചെടി.
മെക്സിക്കോയിലെ യുക്കാറ്റാൻ പെനിസുലയിൽ നിന്നാണ് ഈ ചീരച്ചെടിയുടെ ഉത്ഭവം.
മരച്ചീര, മായൻചീര, ചായമൻസ തുടങ്ങിയ പലപേരുകളിലും അറിയപ്പെടുന്ന ഈ ചെടി നീർവാർച്ചയും ജൈവസമ്പൂർണ്ണവുമായ ഏതു മണ്ണിടങ്ങളിലും പ്രത്യേക വളപ്രയോഗങ്ങളോ കൃത്യമായ പരിചരണങ്ങളോ കൂടാതെ ആർക്കും എവിടെയും എളുപ്പത്തിൽ വളർത്താവുന്നതാണ്. ആറു മുതൽ എട്ട് അടിവരെ ഉയരത്തിൽ വളരുന്നതുകൊണ്ടുതന്നെയാവാം ഭക്ഷ്യവിഭവം എന്നതിന് പുറമെ പറമ്പുകളിൽ ജൈവവേലി നിർമ്മാണത്തിനായും പലരും നട്ടുവളർത്തിത്തുടങ്ങിയിരിക്കുന്നു.
മെക്‌സിക്കോയിലെ ജനങ്ങൾ ഏറെക്കാലം മുൻപ് തന്നെ ഭക്ഷ്യവിഭവമായും ഔഷധച്ചെടിയായും ഒപ്പം അലങ്കാരച്ചെടിയായും ഉപയോഗിച്ചുവരുന്നുണ്ടത്രേ.
അതീവ രുചികരവും പോഷകസമ്പന്നവുമായ മെക്‌സിക്കൻ ചീരയെ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് കേരളപോണിക്സ് എന്ന സ്ഥാപനം. കേരളത്തിലെ കർഷകരുടെ ഇടയിൽ മെക്സിക്കൻ ചീരയുടെ പോഷകഗുണവും കൃഷിരീതിയും തുടങ്ങി ആധികാരിക നിർദ്ദേശങ്ങൾ നൽകിയതും പ്രോത്സാഹിപ്പിച്ചതും കേരള പോണിക്‌സ് തന്നെയെന്നറിയുന്നു .
ഗാർഹികാവശ്യങ്ങൾക്ക് അനിവാര്യമായ പച്ചക്കറി പൂർണ്ണമായും ജൈവകൃഷിരീതി അവലംബിച്ച് ഉത്പ്പാദിപ്പിക്കാനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനങ്ങളും പൂർണ്ണമായും സൗജന്യമായി നൽകുന്ന സ്ഥാപനം കൂടിയാണ് കേരളപോണിക്സ്. ഭക്ഷ്യനാരുകളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന ചായമൻസയിൽ കാൽസ്യം, പൊട്ടാസിയം, ഇരുമ്പ് മുതലായ ധാതുക്കൾക്കൊപ്പം വൈറ്റമിൻ എ ബി സി എന്നിവയും കൂടിയതോതിൽ അടങ്ങിയിരിക്കുന്നു .
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരഭാരവും കൊളസ്‌ട്രോളും നിയന്ത്രിക്കാനും മെക്‌സിക്കൻ ചീരക്ക് കഴിയുന്നതായും വാർത്തകളിലൂടെ അറിയുന്നു.
ഓർമ്മ ശക്തി കൂട്ടുന്നതോടോപ്പം തലച്ചോറിന്റെ പ്രവർത്തനക്ഷമതയ്ക്ക് മാറ്റുകൂട്ടുമെന്നും വാതരോഗത്തിന് മെക്‌സിക്കൻ ചീര വളരെ വിശേഷപ്പെട്ടതാണെന്നുമറിയുന്നു.
ഗോത്രവർഗ്ഗക്കാർക്കിടയിൽ ഏറെ പ്രിയങ്കരമായ ഭക്ഷ്യ വിഭവമായതുകൊണ്ടുതന്നെ മായൻ ചീര എന്ന വിളിപ്പേരുമുണ്ടിതിന്.
കിഡ്നി സ്റ്റോൺ, മൂലക്കുരു, വെരിക്കോസ് വെയിൻ എന്നീ രോഗങ്ങൾക്കും ഗുണം ചെയ്യുന്ന മെക്‌സിക്കൻ ചീര കൊളസ്ട്രോൾ നിയന്ത്രണത്തിനും കരൾ ശുദ്ധീകരിക്കാനും സഹായകമാണത്രെ .
ഇതിന്റെ ഇലകളിട്ട് തിളപ്പിച്ച ചായയ്ക്ക് പാൻക്രിയാസ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് പ്രമേഹരോഗത്തെ നിയന്ത്രിക്കാനുള്ള അപാരമായ കഴിവുണ്ടെന്നുമറിയുന്നു. മെക്‌സിക്കൻ ചീരയുടെ തളിരിലകൾ ഉപയോഗിച്ച് തോരനുണ്ടാക്കാനുള്ള പാചകരീതി പ്രമുഖ പാചക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ചട്ടി ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ചായമൻസയുടെ അരിഞ്ഞുവെച്ച തളിരിലകൾ അതിലേക്കിട്ട് കുറച്ച് വെള്ളമൊഴിച്ച് 15 മിനിറ്റ് മൂടിവെയ്ക്കുക ,അൽപ്പം നാളികേരം ചിരകിയതിനൊപ്പം ചെറിയ ഉളളി 2 അല്ലി, വെളുത്തുള്ളി, കാന്താരി, കറിവേപ്പില, കൂട്ടത്തിൽ അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ജീരകം ഇവ ഒന്നിച്ച് ചതച്ചെടുത്ത് വേവിച്ച ഇലക്കൂട്ടിലേയ്ക്ക് ചേർത്തിളക്കി 5 മിനിറ്റ് കൂടി ചെറുതീയിൽ വേവിക്കുക. സ്വാദിഷ്ടമായ ‘മെക്‌സിക്കൻ ചീരത്തോരൻ ” റെഡി. നാലാളുകളുള്ള ഒരു ചെറിയ കുടുംബത്തിന്ന് 15 മുതൽ 20 വരെ ഇലകൾ മതി കറിവെയ്ക്കാൻ.
കൊള്ളിക്കിഴങ്ങ് അഥവാ മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന വിഷമയമായ സയനോജനിക് ഗ്ലൈക്കോസൈഡുകൾ മെക്‌സിക്കൻ ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ ചുരുങ്ങിയത് 15 മുതൽ 20 മിനിറ്റ് സമയമെങ്കിലും വേവിക്കാതെ കഴിക്കരുതെന്നും അറിയുന്നു.
പ്രമേഹത്തിന് ചായമൻസ ടീ
അഞ്ച് വലിയ ചായമൻസ ഇലകൾ ചെറുതായി അറിഞ്ഞ\ത് ഒരു ലിറ്റർ വെള്ളം ചേർത്ത് ചെറുചൂടിൽ 20 മിനിറ്റ് വേവിയ്ക്കണം. തണുക്കുമ്പോൾ ഒരു നുള്ളു ഉപ്പും അൽപ്പം നാരങ്ങാ നീരും കൂടെ മിക്സ് ചെയ്താൽ ചായ മൻസ തയ്യാർ.





