തിരുവനന്തപുരം: മൂവായിരം ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ 4,500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിക്കു പിന്നിൽ വൻ അഴിമതിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്കായി കൺസൾട്ടൻസി ഏൽപ്പിച്ചത് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടന്റ് എന്ന കമ്പനിക്കാണ്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിത്. ഒമ്പത് കേസുകൾ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവർഷത്തേയ്ക്ക് നിരോധിച്ചതാണ്. ഇത്തരമൊരു കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇരുപതാം ലോ കമ്മീഷൻ ചെയർമാനും ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന എ.പി. ഷായുടെ നേതൃത്വത്തിലുള്ള വിസിൽ ബ്ലോവേഴ്‌സ് ഫോറം 2017ൽ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. 2017 മുതൽ കേരള സർക്കാർ ഈ കമ്പനിക്ക് കരാർ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ജസ്റ്റിസ് എ.പി. ഷാ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. കൊച്ചിപാലക്കാട് വ്യവസായ ഇടനാഴി, കെഫോൺ പദ്ധതി എന്നിവയുടെ കൺസൾട്ടൻസി നൽകിയതാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
ഇതൊക്കെ നിലനിൽക്കുമ്പോഴാണ് ഇലക്ട്രിക് ബസ് ഇടപാടിന് ഇത്തരമൊരു കമ്പനിക്ക് കൺസൾട്ടൻസി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺസൾട്ടൻസി നൽകാൻ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടർ വിളിക്കാതെയാണ് കൺസൾട്ടൻസി നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാനുവൽ പരിപാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഈ കമ്പനിക്ക് കരാർ നൽകിയത് ഗതാഗത വകുപ്പ് മന്ത്രി അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം. കരാറിന് കൂട്ടു നിന്നവർക്കെതിരെ സർക്കാർ നടപടി എടുക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് എന്തിനാണ് ഈ കരാർ കമ്പനിക്ക് നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം.
അടിയന്തരമായി കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ പിന്നീട് വിശദീകരിക്കാമെന്നും വ്യക്തമാക്കി. നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റിൽപറത്തി ക്യാബിനറ്റ് പോലുമറിയാതെയാണ് കരാർ നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ലണ്ടൻ കമ്പനിയോട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്ന് വ്യക്തമാക്കണം.
കരാറിനെക്കുറിച്ച് അറിയില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: ‘ആർക്കെങ്കിലും ഏതെങ്കിലും കരാർ പ്രത്യേകമായി നൽകാൻ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയെന്ന നിലയിൽ ഒരു കമ്പനിയുമായി ഞാൻ ചർച്ച നടത്തിയിട്ടില്ല’ വിവാദ കരാറുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണത്തിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ മറുപടി ഇതായിരുന്നു.
കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഫയൽ നോക്കിയ ശേഷം മറുപടി പറയാം. ഇ മൊബിലിറ്റി പദ്ധതി സർക്കാർ അംഗീകരിച്ചതാണ്. ആർക്കും പ്രത്യേകിച്ച് ഒരു കരാറും നൽകിയിട്ടില്ലെന്നാണ് തന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തോയെന്ന ചോദ്യത്തിനു മന്ത്രി ഉത്തരം നൽകിയില്ല. യോഗത്തിൽ വച്ചാണോ കരാറിന് അനുമതി നൽകുക എന്ന മറുചോദ്യമായിരുന്നു പ്രതികരണം. ഇങ്ങനെയൊരു കാര്യത്തിൽ മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കുമെന്നു കരുതുന്നില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.





