Home Latest News in Kerala മോട്ടോര്‍ വാഹനവകുപ്പ് അദാലത്തില്‍ പരാതി

മോട്ടോര്‍ വാഹനവകുപ്പ് അദാലത്തില്‍ പരാതി

1
0

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ അദാലത്തില്‍ പരാതി പ്രളയം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ഇന്നലെ കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ സംഘടിപ്പിച്ച അദാലത്തിലാണ് നിരവധി പരാതികള്‍ എത്തിയത്. ജില്ലയില്‍ വിവിധ ആര്‍ടി ഓഫീസുകളിലെ പ്രശ്‌നങ്ങളായിരുന്നു പരാതികളിലേറെയും. പരിവാഹന്‍ വെബ്‌സൈറ്റ്, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വന്‍തുക വാങ്ങുന്നത്, ഓണ്‍ലൈന്‍ സേവനം തടസപ്പെടുമ്പോള്‍ ആര്‍ടി ഓഫീസുകളില്‍ നേരിട്ട് പണം വാങ്ങാനുള്ള അനുമതി നല്‍കുക, വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നു മാസത്തേക്കുകൂടി നീട്ടുക തുടങ്ങിയ പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 758 പരാതികളാണ് ലഭിച്ചത്. 715 പരാതികള്‍ തീര്‍പ്പാക്കി. 40 പരാതി അടിയന്തരമായി പരിഹരിക്കുന്നതിന് നിര്‍ദേശിച്ചു.കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന അദാലത്ത് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കാനും ലൈസന്‍സ് പുതുക്കാനുമുള്ള സംവിധാനം നടപ്പാക്കിയാല്‍ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് അപേക്ഷകരെ മോചിപ്പിക്കാമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെത്താതെ വീട്ടിലിരുന്നുതന്നെ അപേക്ഷ സമര്‍പ്പിക്കാനും ഓരോഘട്ടത്തിലും അപേക്ഷയുടെ തല്‍സ്ഥിതി മനസിലാക്കാനും സാധിക്കുന്ന നിലയില്‍ വകുപ്പിന്റെ ഓണ്‍ലെന്‍ സേവനങ്ങള്‍ സുതാര്യമാക്കുമെന്നും അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാംഗം സിന്‍സി പാറേല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്ത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലായിടത്തും ഓട്ടോമാറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ജില്ലയിലെ ഉഴവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലെ ഓട്ടോമാറ്റഡ് ടെസ്റ്റിംഗ് മെഷീനുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണ് ലഭിച്ചത്. എല്ലാ ആര്‍ടി ഓഫീസുകളിലും ഓട്ടോമാറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചശേഷമേ ഉഴവൂരിലും പ്രവര്‍ത്തനം തുടങ്ങാവൂവെന്നായിരുന്നു പ്രധാന ആവശ്യം.ഓട്ടോമാറ്റഡ് മെഷീനില്‍ വാഹനങ്ങള്‍ കയറ്റണമെങ്കില്‍ 200 രൂപ മുതല്‍ 400 രൂപവരെ ഫീസായി അടയ്‌ക്കേണ്ടി വരുന്നു. ഇതു സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ക്കു പുറമെ ലോറി ഓണേഴ്‌സ് അസോസിയേഷന്‍, കോണ്‍ട്രാക്റ്റ് ഗാരേജ് അസോസിയേഷന്‍ തുടങ്ങിയവരാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. പാലാ ആര്‍ടി ഓഫീസ് നെല്ലിയാനിയിലേക്ക് മാറ്റണമെന്ന് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലായിലെ ആര്‍ടി ഓഫീസ് മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിവേദനവും അദാലത്തില്‍ ലഭിച്ചു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസിനു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ തീരെ കുറവാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഈ ആര്‍ടി ഓഫീസ് കൊട്ടാരമറ്റം നെല്ലിയാനിയില്‍ പുതുതായി നിര്‍മിക്കുന്ന മിനി സിവില്‍സ്റ്റേഷന്‍ അനക്‌സിലേക്കു മാറ്റണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. പരിവാഹന്‍ പണിമുടക്കുന്നു ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കിയെങ്കിലും പരിവാഹന്‍ സൈറ്റിന്റെ തകരാര്‍ മൂലം മിക്കപ്പോഴും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സാഹചര്യമാണ്. പലപ്പോഴും സൈറ്റിലൂടെ ഫീസ് അടയ്ക്കാന്‍ സാധിക്കുമെങ്കിലും അതിന്റെ പ്രിന്റ് എടുക്കാന്‍ സാധിക്കാതെ വരും. പലരും ഒരു കാര്യത്തിനായി മൂന്നും നാലും ദിവസം നടക്കേണ്ട ഗതികേടിലാണെന്നും പരാതിയില്‍ പറയുന്നു. ഓണ്‍ ലൈനില്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമ്പോള്‍ ഫീസും ടാക്‌സും ആര്‍ടി ഓഫീസുകളിലും വാങ്ങാനുള്ള അനുമതി നല്‍കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ കൈമാറി അദാലത്തില്‍ 258 രേഖകള്‍ ഉടമകള്‍ക്കു കൈമാറി. ഉടമസ്ഥന്റെ മേല്‍വിലാസത്തില്‍ അയച്ചിട്ട് വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാതെ തിരിച്ചുവന്ന ആര്‍സി ബുക്കും ലൈസന്‍സുകളുമടങ്ങുന്ന 258 രേഖകളാണ് ഉടമസ്ഥര്‍ക്കു കൈമാറിയത്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ഉള്‍പ്പെടുത്തി തീരുമാനിക്കേണ്ട പരാതികള്‍ അടിയന്തരമായി സര്‍ക്കാരിലേക്ക് ശിപാര്‍ശചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here