തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ സർക്കാർ ക്വാറന്റൈനിൽ കഴിയാൽ ഇനി മുതൽ പണം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണ്. ഇതിന് ഇനി മുതൽ പണം നൽകേണ്ടിവരും. നിരവധിപേർ എത്തുന്ന സാഹചര്യത്തിൽ ചെലവ് വഹിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തൊഴിൽ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവർ ഉൾപ്പെടെ ആർക്കും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്നു പിണറായി വിജയൻ പറഞ്ഞു.
രണ്ടരലക്ഷം ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് ലക്ഷക്കണക്കിന് പ്രവാസികളാണ് ഇങ്ങോട്ടുവരുന്നതെന്നും അതിന്റെ ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയില്ല. ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവർ, വിദ്യാർത്ഥികൾ, ഗർഭിണികൾ, വയോധികർ, അവശത അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ വന്നു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗർഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്.
ക്വാറന്റീൻ ചെലവ് സംസ്ഥാനം വഹിക്കാനായിരുന്നു സംസ്ഥാന സർക്കാറിന്റെ നേരത്തെയുള്ള തീരുമാനം.മറ്റിടങ്ങളിൽ നിന്ന് ആളുകൾ വരുന്നതിന് മുൻപ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 പേരാണ്.എന്നാൽ ഇന്നലെ 415 പേരായി ചികിത്സയിൽ. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കും. മഹാരാഷ്ട്രയിൽ നിന്ന് വന്ന 72 പേർക്കും തമിഴ്‌നാട്ടിൽ നിന്നെത്തിയ 71 പേർക്കും കർണ്ണാടകത്തിൽ നിന്നെത്തിയ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 133 പേർക്ക് രോഗബാധ ഉണ്ടായി. യുഎഇയിൽ നിന്നും കുവൈറ്റിൽ നിന്നും കൂടുതൽ രോഗികൾ. തീവ്ര മേഖലയിൽ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





