Home National ശാരദ ചിട്ടി തട്ടിപ്പ്: കൊല്‍ക്കത്ത കമ്മീഷണറെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ശാരദ ചിട്ടി തട്ടിപ്പ്: കൊല്‍ക്കത്ത കമ്മീഷണറെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

3
0

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഷില്ലോങ്ങിലെ സിബിഐ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനായി ഇന്നലെ വൈകിട്ട് ഷില്ലോങ്ങില്‍ രാജീവ് കുമാര്‍ എത്തിയിരുന്നു. മൂന്ന് മുതിര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കമ്മീഷണര്‍ എത്തിയിരിക്കുന്നത്. വിവാദം ഒഴിവാക്കാനാണ് സിബിഐ ചോദ്യം ചെയ്യലിന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് തിരഞ്ഞെടുത്തിരിക്കുന്നത്.

നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വന്ന സിബിഐ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മമതയുടെ പിന്തുണയോടെ പൊലീസ് അറസ്റ്റ് ചെയ്തത് നിരവധി പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് മമത നടത്തിയ ധര്‍ണയും വിവാദമായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്.

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

ഇക്കാര്യമുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ രാജീവ് കുമാറില്‍ നിന്ന് അറിയാന്‍ കഴിയുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.

കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാര്‍ നിയമിതനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here