സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സസ്‌പെൻഷനിലായതിന് പിന്നാലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സംശയത്തിന്റെ നിഴലിൽ. കള്ളക്കടത്ത് സ്വർണ്ണം എയർപോർട്ടിൽ നിന്ന് ഏറ്റുവാങ്ങിയ പോലീസ് ഗൺമാൻ ജയഘോഷിനെ വർഷങ്ങളായി എയർപോർട്ടിലും കോൺസുലേറ്റിലും നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഉയർന്നിരിക്കുന്ന ഗൗരവമുള്ള ആരോപണം. മുൻ അംബാസിഡർ കൂടിയായ പ്രശസ്ത നയതന്ത്രജ്ഞൻ ശ്രീനിവാസനും മുൻ ചീഫ് സെക്രട്ടറി ആനന്ദബോസും ഡിജിപിയുടെ ഈ നടപടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുൻ ഡിജിപിയും യുഎഇ കോൺസുലേറ്റിൽ പോലീസിനെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ഉന്നത സ്ഥാനങ്ങൾ വഹിച്ച ഈ മൂന്ന് ഉദ്യോഗസ്ഥരും പറയുന്നത് വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് കോൺസുലേറ്റിൽ ഗൺമാനെ നിയമിക്കാനാവില്ലെന്നാണ്.
വിദേശരാജ്യത്ത് ഇന്ത്യക്ക് ലഭിക്കുന്ന അതേ സൗകര്യം മാത്രമേ ഇന്ത്യയിലും നൽകാൻ പാടുള്ളൂ. യുഎഇയിൽ ഇന്ത്യൻ അംബാസിഡർക്കുപോലും ലഭിക്കാത്ത പോലീസ് സെക്യൂരിറ്റിയാണ് സംസ്ഥാന ഡിജിപി അംബാസിഡറിന് വളരെ താഴെയുള്ള കോൺസുലേറ്റ് ജനറലിന് അനുവദിച്ചത്. വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടാൽ മാത്രമേ ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്താൻ ഡിജിപിക്ക് കഴിയൂ.
എയർപോർട്ടിൽ നാലുവർഷത്തോളം ജോലി ചെയ്ത ജയഘോഷ് എന്ന പോലീസുകാരനെയാണ് കോൺസുലേറ്റിൽ പിന്നീട് നിയമിച്ചത്. ഓരോ വർഷവും ഈ നിയമനം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ച് വിവാദമുയർത്തിയ പോലീസുകാരനാകട്ടെ പറയുന്നത് തനിക്ക് സ്വർണ്ണക്കള്ളക്കടത്തുകാരുടെ ഭീഷണിയുണ്ടെന്നാണ്. വധഭീഷണിയെക്കുറിച്ച് സംസ്ഥാന പോലീസ് കേസെടുത്തിട്ടുമില്ല.
കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത് ഉപയോഗിച്ച ഔദ്യോഗിക വാഹനത്തിൽ തോക്കും പിടിച്ച് സ്വർണ്ണം ഏറ്റുവാങ്ങിയത് ജയഘോഷാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ അയാൾ തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ബാഗേജിനുള്ളിൽ സ്വർണ്ണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം. മാർച്ച് ആദ്യം കോൺസുലേറ്റ് ജനറൽ യുഎഇയിലേക്ക് പോയിരുന്നു. ആ സമയം ആരുടെ സെക്യൂരിറ്റിയാണ് ഈ പോലീസുകാരൻ നിറവേറ്റിയിരുന്നതെന്ന് അറിയില്ല. അറ്റാഷെയുടെയും സ്വപ്‌നയുടെയും സരിതിന്റെയും അകമ്പടിയാണോ ഇയാൾ സേവിച്ചിരുന്നത്?
സിനിമയെ വെല്ലുന്ന കള്ളക്കടത്താണ് കസ്റ്റംസ് അന്വേഷണത്തിലൂടെയും എൻഐഎ അന്വേഷണത്തിലൂടെയും പുറത്തുവരുന്നത്. കള്ളക്കടത്തിന് ഫഌറ്റ് എടുത്തു കൊടുത്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ. അതിനുവേണ്ടി നിയോഗിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുൺ ബാലചന്ദ്രൻ. ഇരുവരും ഇപ്പോൾ പുറത്താണ്. എയർപോർട്ടിൽ നിന്ന് സ്വർണ്ണം അടങ്ങിയ നയതന്ത്ര ബാഗ് ഏറ്റുവാങ്ങി സരിതിനോടൊപ്പം ലക്ഷ്യസ്ഥാനത്തെത്തിച്ച പോലീസുകാരനാകട്ടെ കൈഞരമ്പ് മുറിച്ച് ആശുപത്രിയിലുമാണ്. ഇത്തരം ഒരു രംഗം സസ്‌പെൻസ് ത്രില്ലർ സിനിമകളിൽ പോലും കാണാൻ കഴിയില്ല.
എയർപോർട്ടിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ഐബി അന്വേഷിക്കാറുണ്ട്. അതിനുശേഷമാണ് ഇവരെ വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ നിയമിക്കുക. എയർപോർട്ടിൽ നാലുവർഷവും പിന്നീട് കോൺസുലേറ്റിന്റെ ഗൺമാനായി തുടരുകയും ചെയ്ത ജയഘോഷിനെ തന്നെ ഡിജിപി സെക്യൂരിറ്റി ചുമതല ഏൽപിക്കാനുണ്ടായ സാഹചര്യം അദ്ദേഹത്തിന് എൻഐഎക്ക് മുന്നിലും കസ്റ്റംസിനോടും വെളിപ്പെടുത്തേണ്ടിവരും. എക്‌സ് കാറ്റഗറി സെക്യൂരിറ്റി കോൺസുലേറ്റിന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതുകൊണ്ടാണ് ഗൺമാനെ നൽകിയതെന്നാണ് ഡിജിപിയുടെ വിശദീകരണം. അപ്പോഴും സംശയങ്ങൾ ബാക്കിയാണ്. കള്ളക്കടത്ത് സംഘത്തിൽ പോലീസുകാരൻ തന്നെ അകപ്പെട്ടിട്ടും ഡിജിപിക്ക് ഇതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലേ? ശിവശങ്കറുമായും മന്ത്രിമാരുമായും സ്പീക്കർ ഉൾപ്പെടെയുള്ള ഉന്നതരുമായും അടുപ്പമുണ്ടായിരുന്ന സ്വപ്‌ന സുരേഷ് ഗൺമാൻ ജയഘോഷുമായി പലവട്ടം സംസാരിച്ചിരുന്നു. ഈ രേഖകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രി വിട്ട ശേഷം വിശദമായി ഇയാളെ രണ്ട് കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യുന്നതോടെ ഡിജിപിയെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടി വരും. ഇക്കാര്യത്തിൽ അദ്ദേഹം നൽകുന്ന മറുപടിയും രേഖകളും അനുസരിച്ചാകും പിന്നീടുള്ള നടപടികൾ.
23 തവണകളിലായി നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടുവന്ന 230 കിലോ സ്വർണ്ണം എത്തിയത് ആരുടെ കൈകളിൽ? തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആ പണം ഉപയോഗിച്ചിട്ടുണ്ടോ? ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് വൈകാതെ നാടുകടത്തും. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇരുരാജ്യങ്ങളിലുമുള്ള ഉന്നതർക്ക് കള്ളക്കടത്തിലുള്ള പങ്ക് വെളിപ്പെടും.
വർഷങ്ങളായി എയർപോർട്ടിൽ ജോലി ചെയ്തിരുന്ന ജയഘോഷിനെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും എൻഐഎ ചോദ്യം ചെയ്യും. ഇവർക്ക് എയർപോർട്ടിലെ താഴെത്തട്ട് മുതൽ ഉന്നതർ വരെയുള്ള ഉദ്യോഗസ്ഥരുമായി നല്ല ബന്ധമാണുള്ളത്. ഇവർക്കറിയാത്ത വഴികളോ, കേന്ദ്രങ്ങളോ എയർപോർട്ടിലില്ല. തുടർച്ചയായി എയർപോർട്ടിൽ നിയമനം ലഭിച്ചതാണ് കള്ളക്കടത്തിലെ കണ്ണികളാകാൻ ഇവർക്ക് സൗകര്യമൊരുക്കിയത്.
ഐഎഎസുകാരനായ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസും എൻഐഎയും തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തും. പുറത്താക്കപ്പെട്ട അരുൺ ബാലചന്ദ്രനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. അതിന് പിന്നാലെയാണ് ഗൺമാന്റെ നിയമനവും കള്ളക്കടത്തിലെ പങ്കും ഡിജിപിയെക്കൂടി സംഭവത്തിലേക്ക് എത്തിച്ചിരിക്കുന്നത്. വിദേശകാര്യ വകുപ്പ് അനുമതി നൽകിയിട്ടാണ് ജയഘോഷിനെ നിയമിച്ചതെങ്കിൽ ഡിജിപിക്ക് തലയൂരാനാകും. അപ്പോഴും ജയഘോഷിനെ തന്നെ സ്ഥിരമായി നിയമിച്ചതിന് പിന്നിൽ എന്താണ് താൽപര്യമെന്ന ചോദ്യം അവശേഷിക്കും. കേരളാ പോലീസിന്റെ സൽപ്പേര് തന്നെ തകർത്തിരിക്കുകയാണ് സ്വർണ്ണക്കള്ളക്കടത്തിൽ പോലീസുകാർ തന്നെ നേരിട്ട് പങ്കെടുത്തത്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും കസ്റ്റംസിന് ലഭിച്ചുകഴിഞ്ഞു. രാജ്യദ്രോഹം ചുമത്തി കേസന്വേഷിക്കുന്ന എൻഐഎ സ്വപ്‌നയെയും സരിതിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വച്ച് തെളിവെടുപ്പ് തുടരുകയാണ്. വരുംദിവസങ്ങളിൽ ഉന്നതർ പലരും കുടുങ്ങുമെന്നാണ് സൂചന.








