Home Breaking News കോവിഡ്‌വ്യാപനം : കേന്ദ്ര സർക്കാർ സംവിധാനം പ്രയോജനപ്പെടുത്തണം: മലബാർ ഡവലപ്‌മെന്റ് കൗൺസിൽ

കോവിഡ്‌വ്യാപനം : കേന്ദ്ര സർക്കാർ സംവിധാനം പ്രയോജനപ്പെടുത്തണം: മലബാർ ഡവലപ്‌മെന്റ് കൗൺസിൽ

4
0

കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം ഗണ്യമായി വർദ്ധിക്കുകയും ക്വാറന്റൈൻ / ഐസൊലേഷൻ / ചികിത്സാ സൗകര്യങ്ങൾ വേണ്ടത്രയില്ലാത്തതുമായ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ സംവിധാനങ്ങളും കേരളത്തിലെ കേന്ദ്രവകുപ്പുകളുടെ സംവിധാനവും ഉദ്യോഗസ്ഥരുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ഓൺലൈൻ യോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഡൽഹിയിൽ കോവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാനായത് ഡിഫൻസ് ഉദ്യോഗസ്ഥർ 10000 കിടക്കകളുള്ള ആശുപത്രി സജ്ജീകരിച്ചത് മൂലമാണെന്ന് യോഗം വിലയിരുത്തി. അതേ മാതൃകയിൽ കേരളത്തിലും അവരുടെ സേവനം വിനിയോഗിക്കണം.
പ്രവാസികളുടെ തിരിച്ചുവരവിന് പിപിഇ കിറ്റ്, ക്വാറന്റൈൻ / ഐസലേഷൻ റെയിൽവേ കോച്ചുകൾ ചികിത്സാ സൗകര്യത്തിന് ഉപയോഗിക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ മെയ് എട്ടിന് ബന്ധപ്പെട്ടവർക്ക് എല്ലാം നിവേദനം സമർപ്പിച്ചെങ്കിലും വളരെ വൈകിയാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.
റെയിൽവേ മൂന്ന് മാസം മുൻപ് ഓരോ കൊച്ചിനും 16 ബെഡുകളും മൂന്ന് ടോയ്‌ലറ്റുകളും ഒരു കുളിമുറിയും ഓക്‌സിജൻ സിലിണ്ടർ ഉൾപ്പെടെ ഒരുക്കിയെങ്കിലും ഇന്നലെയാണ് റെയിൽവേക്ക് കേരളം കത്തയച്ചത്. കേന്ദ്ര സഹായങ്ങൾ സ്വീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. ആഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തുമെന്ന് അറിയുന്നു. ആയതിനാൽ അത്യാവശ്യ യാത്ര മുടങ്ങാതിരിക്കാൻ കേരളത്തിനകത്ത് മെമു,പാസഞ്ചർ, മെട്രോട്രെയിനുകൾ ഓടിക്കാനും നടപടി സ്വീകരിക്കണം.
സമ്പൂർണ്ണ ലോക്ഡൗൺ അനിവാര്യമാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അന്നന്ന് തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് പ്രയാസത്തിനും വിപണി അടച്ചാൽ നിത്യോപയോഗ സാധന ദൗർലഭ്യത്തിനും വിലവർധനവിനും ഇടയാകും. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പ്രതിസന്ധിയിലാകും. ലോക്ക്‌ഡൌൺ ഒഴിവാക്കാൻ സർക്കാരും ജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കുകയും ആരോഗ്യ പ്രോട്ടോകോൾ കർശനമായി പാലിക്കാൻ എല്ലാവരും യോജിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടത് എന്നും യോഗം അഭിപ്രായപ്പെട്ടു.
തമിഴ് നാട്ടിലും കേരളത്തിലും അർഹത ഉള്ളവർക്ക് വിവിധ സഹായങ്ങൾ നൽകുന്ന രക്ഷാധികാരി ഡോക്ടർ എ. വി. അനൂപിനെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് 100 കട്ടിലുകളും, കിടക്കകളും നൽകിയ എൻ.ഇ.ബാലകൃഷ്ണമാരെയും യോഗം അഭിനന്ദിച്ചു. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോക്ടർ എ. വി. അനൂപ്, വൈസ് പ്രസിഡന്റ് എം..വി.മാധവൻ, പ്രൊഫസർ ഫിലിപ്പ് കെ.ആന്റണി,അഡ്വക്കേറ്റ് എം .കെ. അയ്യപ്പൻ,പി.ഐ. അജയൻ, സി.സി.മനോജ്, കുന്നോത്ത് അബൂബക്കർ, സി.വി ജോസി, പ്രത്യേക ക്ഷണിതാക്കൾ ആയി കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, സിറ്റി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ഇ.അഷ്‌റഫ് എന്നിവരും പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here