തിരക്കിനിടയില്‍ കൂട്ടം തെറ്റിയാല്‍ വളരെപ്പെട്ടെന്ന് കണ്ടെത്താം; ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പൊലീസ് ബാന്‍ഡ്
ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് പൊലീസിന്റെ പ്രത്യേക കരുതല്‍. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കൈയില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് വിടുന്നത്.
തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാന്‍ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
അതേസമയം ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളില്‍ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്.ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക്് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കൂടുതലും ഹോട്ടലുകളിലും ഹെല്‍ത്ത് കാര്‍ഡുള്ളവരാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാത്തിടങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് കാണിക്കുന്നതിന് രണ്ടു ദിവസം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന സംഘത്തിലുള്ളത്.
Home Breaking News തിരക്കിനിടയില്‍ കൂട്ടം തെറ്റിയാല്‍ വളരെപ്പെട്ടെന്ന് കണ്ടെത്താം; ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പൊലീസ് ബാന്‍ഡ്





