ഏഴാം ക്ലാസുകാർക്ക് കൂട്ടാനും കുറയ്ക്കാനും അറിയില്ല; 180 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ചിക്കബല്ലാപൂർ: ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് അടിസ്ഥാന ഗണിതവും കന്നഡ അക്ഷരമാലയും പോലും ശരിയായി അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ 180 സർക്കാർ സ്‌കൂൾ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ചിക്കബല്ലാപൂർ മണ്ഡലത്തിലെ വിവിധ സർക്കാർ പ്രൈമറി സ്‌കൂളുകളിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളുടെ പഠനനിലവാരത്തിലെ പോരായ്മകൾ കണ്ടെത്തിയത്. ചില ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ലളിതമായ കൂട്ടലും കുറയ്ക്കലും ചെയ്യാനും അടിസ്ഥാന കന്നഡ അക്ഷരങ്ങൾ എഴുതാനും കഴിയാത്തതായി പരിശോധനയിൽ കണ്ടെത്തി.
തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിലയിരുത്തലിൽ പഠനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തുകയും ഇവരെ പഠിപ്പിച്ച അധ്യാപകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. വിദ്യാർഥികൾ പ്രതീക്ഷിച്ചിരുന്ന കുറഞ്ഞ പഠനനിലവാരം കൈവരിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നാണ് അധ്യാപകർക്ക് നൽകിയ നോട്ടീസിലെ നിർദേശം. വിശദീകരണം പരിശോധിച്ച ശേഷം ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *