Kerala Pranamam

മധു കൊലക്കേസ്; മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ അട്ടപ്പാടിയില്‍


അഗളി : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടന്‍ മമ്മൂട്ടി നിയോഗിച്ച വക്കീല്‍ അട്ടപ്പാടിയിലെത്തി. ചെന്നൈയില്‍നിന്ന് എത്തിയ അഡ്വ. വി നന്ദകുമാറാണ് ബുധനാഴ്ച രാവിലെ മുക്കാലി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നതായി കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പുതിയ ഏജന്‍സി അന്വേഷിക്കണമെന്നാണ് നിലപാടെന്നും അവര്‍ വ്യക്തമാക്കി. പ്രതികളില്‍നിന്ന് പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബം ശ്രമിക്കുന്നുണ്ടെന്ന നുണപ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു. കുപ്രചാരണത്തിനെതിരെ അഗളി പൊലീസില്‍ പരാതി നല്‍കാനും കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കാനും നിര്‍ദേശിച്ചാണ് നന്ദകുമാര്‍ മടങ്ങിയത്. കേസ് സിബിഐ ഏറ്റെടുത്ത് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.