
ചെറുതോണി : ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നത് ഒരു മാസത്തിനിടെ ഇത് രണ്ടാംതവണ. ഒക്ടോബര്‍ 19 മുതല്‍ ഒമ്പതുദിവസം തുടര്‍ച്ചയായി മൂന്ന് ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. മഴയും നീരൊഴുക്കും കുറഞ്ഞതിനെത്തുടര്‍ന്ന് ക്രമേണ ഓരോ ഷട്ടര്‍ വീതം അടച്ചു. പിന്നീട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നപ്പോഴും ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നില്ല. ഇത്തവണ അണക്കെട്ട് തുറക്കുമ്പോള്‍ കാര്യമായ പിരിമുറുക്കം ജനങ്ങള്‍ക്കില്ല. ഇടയ്ക്കിടെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണുള്ളത്. പദ്ധതി പ്രദേശത്ത് മഴ വര്‍ധിക്കുകയും മുല്ലപ്പെരിയാര്‍ വീണ്ടും തുറക്കുകയും ചെയ്താല്‍ ഇടുക്കിയില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരും. അതുകൊണ്ടുതന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാണ്. ജില്ലാഭരണ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെയാണ് ജനങ്ങള്‍ അനുസരിക്കുന്നത്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും റവന്യു വകുപ്പും പഞ്ചായത്ത് അധികൃതരും സ്വീകരിച്ചിട്ടുണ്ട്.





