Home Kerala ‘കണ്ണുരുട്ടി പേടിപ്പിക്കണ്ട’; എന്‍.എസ്.എസ് ജന. സെക്രട്ടറിയുടെ ‘ധാര്‍ഷ്ട്യ’പ്രയോഗത്തിന് മുഖ്യമന്ത്രിയുടെ മറുപടി

‘കണ്ണുരുട്ടി പേടിപ്പിക്കണ്ട’; എന്‍.എസ്.എസ് ജന. സെക്രട്ടറിയുടെ ‘ധാര്‍ഷ്ട്യ’പ്രയോഗത്തിന് മുഖ്യമന്ത്രിയുടെ മറുപടി

3
0

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച എന്‍.എസ്.എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സര്‍ക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്.” – മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ”ഇത്തരത്തില്‍ പല ഭീഷണികളുമുണ്ടാകും, അതൊക്കെ സര്‍ക്കാര്‍ മറികടക്കും”, മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍.എസ്.എസ്സിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ‘കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഈ വര്‍ഗീയതയുമായി സമരസപ്പെടുകയാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസ്സിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.

ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. കോണ്‍ഗ്രസിനെ ആര്‍.എസ്.എസ് വിഴുങ്ങും’, മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങള്‍ സംരക്ഷിക്കണം. അതിനായി എന്‍എസ്എസ് വേണ്ടതെല്ലാം ചെയ്യും. – സുകുമാരന്‍ നായര്‍ പറഞ്ഞു.

ജനുവരി ഒന്നാം തീയതി സംസ്ഥാനസര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വനിതാമതില്‍ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികള്‍ക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here