തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 3 ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 16 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ തീരുമാനിച്ചു. ഒന്നാം ഘട്ടത്തിൽ ഡിസംബർ 8 ന് വോട്ടെടുപ്പ് നടക്കും, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
രണ്ടാം ഘട്ടത്തിൽ ഡിസംബർ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂർ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്.
മൂന്നാഘട്ടത്തിൽ ഡിസംബർ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും.
എല്ലാ സ്ഥലത്തേയും വോട്ടണ്ണെൽ ഡിസംബർ 16 ബുധനാഴ്ചയായിരിക്കും.
വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ 6 വരെയായി നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് 5 മണിവരെയായിരുന്നു.
തിരഞ്ഞെടുപ്പ് 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. (14 ജില്ലാ പഞ്ചായത്ത്, 86 നഗരസഭകൾ, 6 കോർപ്പറേഷനുകൾ, 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത് ). തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന് പ്രസിദ്ധീകരിക്കും, സ്ഥാനാർത്ഥികൾക്ക് ഒരു വാർഡിൽ ചിലവഴിക്കാൻ കഴിയുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടുണ്ട്.
പത്രികകളുടെ സൂഷ്മപരിശോധന നവംബർ 20ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചു. 2.72 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്‌ജെൻഡേഴ്‌സും ആണ്
ഡിസംബർ 31 നകം പുതിയ ഭരണസമിതി നിലവിൽ വരും.കോവിഡ് പോസീറ്റീവ് ആയവർക്കും ക്വാറൻറൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് സൗകര്യം. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഇതിനായി അപേക്ഷ നൽകണം.
















