Home Special Story തെലങ്കാന മുഖ്യമന്ത്രിയുടെ ദൂത് ഫലം കാണുമോ?

തെലങ്കാന മുഖ്യമന്ത്രിയുടെ ദൂത് ഫലം കാണുമോ?

2
0

ഡി.എം.കെ.യെ ചാക്കിലാക്കാന്‍ ആരൂഡമിട്ട് ബി.ജെ.പി. കോണ്‍ഗ്രസിനൊപ്പം ഉറച്ചു. നില്‍ക്കുന്ന ഡി.എം.കെയെ പാട്ടിലാക്കാന്‍ ബി.ജെ.പി വലയിട്ടതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ സംജാതകമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഫല പ്രഖ്യാപനത്തിനു ശേഷം ഡി.എം.കെ. സഖ്യ സാധ്യത തേടി ബി.ജെ.പിയെ സമീപിച്ചതായി ബി.ജെ.പി ചെന്നൈ സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ പറഞ്ഞതായിയിട്ടാണ് വാര്‍ത്തകള്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റേത് വെറും കേള്‍വിയും പച്ചക്കളളവും ആണെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തിരിച്ചടിച്ചു. സൗന്ദര്യരാജന്‍ ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നുവരെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സൗന്ദരരാജന്‍ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാല്‍ അദ്ദേഹവും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നു സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചു. സ്റ്റാലിന്റെ നിഷേധത്തിനു ശേഷവും തമഴ് സൈ ആരോപണം-ആവര്‍ത്തിക്കുന്നത് വിരോധാഭാസം തന്നെ. ‘കള്ളന്‍’ കപ്പലില്‍ തന്നെയാണെന്നാണ് ഡി.എം.കെ. വക്താവ് പറയുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഉണ്ടയില്ലാ വെടി ബി.ജെ.പിയുടെയും മോദിയുടെയും പതര്‍ച്ചയെയാണ് കാണിക്കുന്നത്. ഡി.എം.കെ. ഒരേ സമയം മൂന്നു തോണിയിലും കാല് വയ്ക്കുകയാണെന്ന് ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ. വക്താവ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അണ്ണാ ഡി.എം.കെ. മന്ത്രി കാമരാജ് കൂടി പങ്കെടുത്ത ഒരു പത്രസമ്മേളനത്തിലാണ് തമിഴ് സൈ സ്റ്റാലിന്റെ ചാഞ്ചാട്ടം വ്യക്തമാക്കിയത്.

തോല്‍വി മുന്നില്‍ കണ്ട അണ്ണാ ഡി.എം.കെ.യും ബി.ജെ.പിയും പരിഭ്രമത്തോടെ കുളം കലക്കിമീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതായി ഡി.എം.കെ. തിരിച്ചടിച്ചു.
തമിഴകത്ത് 19 ന് ഏതാനും മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഡി.എം.കെയില്‍ നിന്നു വെട്ടിമാറ്റുകയാണ് ബി.ജെ.പി – അണ്ണാ ഡി.എം.കെ മുന്നണിയുടെ ലക്ഷ്യം.

രാജ്യത്താകെ കാവി നിറം അടിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ഡി.എം.കെയുടെ ഉറച്ച നയമെന്നും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയാണ് തങ്ങളുടെ നയമെന്നും സ്റ്റാലിന്‍ പത്രലേഖകരോട് പറയുന്നു. പിന്‍വാതില്‍ ചര്‍ച്ച ഡി.എം.കെ. ഒരിക്കലും നടത്തില്ല. കോണ്‍ഗ്രസ് ഉള്‍പ്പെട്ട യു.പി.എയിലാണ് ഡി.എം.കെ. നില്‍ക്കുന്നത്. മറിച്ചൊരു നീക്കത്തിനും ഡി.എം.കെയില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര മുന്നണി അധികാരത്തില്‍ വരാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാര്‍ ആരുണ്ടാക്കുമെന്ന ചര്‍ച്ച മേയ് 23നു ശേഷമാണ് നടക്കുക. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെ വന്നു കണ്ടത് മുന്നണി രൂപീകരണം ചര്‍ച്ച ചെയ്യാനല്ലെന്നാണ് ഡി.എം.കെ. അധ്യക്ഷന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണദ്ദേഹം വന്നത്. അദ്ദേഹത്തിന്റേത് വെറും സൗഹൃദസന്ദര്‍ശനമായിരുന്നു.

ബി.ജെ.പിയോട് യാതൊരു സന്ധിയുമില്ല എന്ന നിലപാടാണ് ഡി.എം.കെ അധ്യക്ഷന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ അറിയിച്ചതായിട്ടാണ് സൂചന. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന പ്രഖ്യാപിത നിലപാട് മയപ്പെടുത്തി, കോണ്‍ഗ്രസിനെ പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന നിലപാടില്‍ ടി.ആര്‍.എസ് എത്തിയെന്ന് സ്റ്റാലിനെ അറിയിച്ചതായി സംസാരമുണ്ട്. ബി.ജെ.പി ഇതര സര്‍ക്കാരെന്നു കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെ, ടി.ആര്‍.എസിന്റെ നിലപാട് ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന് ടി.ആര്‍.എസ്. വക്താവ് പറയുന്നുണ്ട്.

21 ന് ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന 21 പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമുല്‍ കോണ്‍ഗ്രസും എസ്.പിയും, ബി.എസ്.പിയും വ്യക്തമാക്കിയത് പ്രതിപക്ഷ സംയുക്ത യോഗത്തിനു തിരിച്ചടിയായി. ടി.ആര്‍.എസും ആ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡി.എം.കെ. അധ്യക്ഷന്‍ സ്റ്റാലിനെ അറിയിച്ചു കഴിഞ്ഞു.

ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു മുന്‍കൈയെടുത്ത് യോഗം വിളിക്കുന്ന പശ്ചാത്തലത്തില്‍ അല്‍പ്പം കൂടി കാത്തിരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനുള്ളത്. എങ്കിലും അൗപചാരിക ആശയ വിനിമയം നടത്താന്‍ ചന്ദ്രശേഖര റാവു ഒരുക്കമായിരിക്കും. കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്താനാവില്ലെന്ന സ്റ്റാലിന്റെ കര്‍ശന നിലപാടോടെ ചന്ദ്രശേഖര റാവുവിന്റ നിലപാടില്‍ അയവ് വന്നിട്ടിട്ടുണ്ട്.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി മൂന്നാം മുന്നണിയെന്ന ആശയവുമായി മുന്നേറിക്കൊണ്ടിരുന്ന ടി.ആര്‍.എസ്. നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറായത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് പിന്തുണയ്ക്ക് വാതില്‍ തുറന്നിട്ടു മൂന്നാം മുന്നണിക്ക് വഴിതേടുന്നതില്‍ ടി.ആര്‍.എസില്‍ അഭിപ്രായ ഭിന്നതുള്ളതായി സൂചനയുണ്ട്. ബി.ജെ.പിക്ക് പിന്തുണ നല്‍കില്ലെന്നും അവരുടെ പിന്തുണ സ്വീകരിക്കാനില്ലെന്നും ടിആര്‍.എസ് വ്യക്തമാക്കുമ്പോഴും അതിനെ എതിര്‍ക്കുന്ന ചെറിയ വിഭാഗം ബി.ജെ.പിയുമായി സഖ്യസാധ്യത നിലനില്‍ക്കുന്നുവെന്നാണ് പറയുന്നത്.
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നിലാരെന്ന തന്ത്രമാണ് ടി.ആര്‍.എസ് പ്രയോഗിക്കുന്നത്. അതിന്റെ വെളിച്ചത്തില്‍ ബി.ജെ.പിയോടും കോണ്‍ഗ്രസിസിനോടും തുല്യദൂരം സ്വീകരിച്ച് എങ്ങോട്ട് തിരിയണമെന്ന് 23 നുശേഷം നമ്പര്‍ കണ്ടിട്ട് തീരുമാനിക്കാമെന്നാണ് നിലപാട്. 220 നു മുകളില്‍ ബി.ജെ.പി വന്നാല്‍ അവരെ പിന്തുണയ്ക്കാന്‍ ടി.ആര്‍.എസ്. തയ്യാറായേക്കും. ഭരണത്തില്‍ പരമാവധി വിലപേശി കയറി പറ്റുക എന്ന ലക്ഷ്യമാണ് ടി.ആര്‍.എസിനുള്ളത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 130 സീറ്റു കിട്ടിയാല്‍ ടി.ആര്‍.എസ് മറിച്ച് ചിന്തിക്കും.

മമതയെയും, മയാവതിയെയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സോണിയാ ഗാന്ധിയെ കളത്തിലിറക്കാനും സാധ്യത. തിരഞ്ഞെടുപ്പിനു ശേഷം കൂടുന്ന വിശാല പ്രതിപക്ഷ യോഗത്തിലേക്ക് എസ്.പി, ബി.എസ്.പി, തൃണമുല്‍, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, ബി.ജെ.ഡി, സി.പി.എം, സി.പി.ഐ തുടങ്ങിയ 25 പാര്‍ട്ടികള്‍ക്ക് സോണിയ ക്ഷണക്കത്തയക്കുന്നു. 23 നായിരിക്കും പ്രതിപക്ഷ യോഗം.
കോണ്‍ഗ്രസിനു പുറമേ, യു.പി.എയിലുള്ള ഡി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി.എസ്, എന്‍.സി.പി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, നാഷണല്‍ കോണ്‍ഗ്രസ് ഇവര്‍ക്കെല്ലാം കൂടി ചുരുങ്ങിയത് 55 -60 സീറ്റുകളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇരുമുന്നണികളിലും പെടാത്ത കക്ഷികള്‍ 125 സീറ്റു വരെ നേടുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ മുന്നണിയില്‍ ചേരുന്നതിനു ഡി.എം.കെ. മുഖേന ടി.ആര്‍.എസ് നല്‍കിയ സൂചന കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഗുലാം നബി ആസാദ് ഇന്നലെ നടത്തിയ പ്രതികരണവും ശ്രദ്ധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിലില്ലെങ്കിലും ബി.ജെ.പിയെ ഭരണത്തില്‍ നിന്നു മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നദ്ദേഹം പറഞ്ഞത് കൂട്ടിവായിക്കുമ്പോള്‍ കോണ്‍ഗ്രസ് വേണ്ടി വന്നാല്‍ പുറത്തു നിന്നു പിന്തുണ നല്‍കിയെന്നു വരാം.

കോണ്‍ഗ്രസ് 200ന് അടുത്ത് എത്തിയില്ലെങ്കില്‍ ഡി.എം.കെ അടക്കം മൂന്നാം മുന്നണിയുടെ ഭാഗമായേക്കാം. ഉത്തര്‍ പ്രദേശിലെ എസ്.പി, ബി.എസ്.പിആന്ധ്രയിലെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, കര്‍ണ്ണാടകയിലെ ജെ.ഡി.എസ്, സി.പി.എം, സി.പി.ഐ എന്നിവരുമായി മുന്നണി ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ടി.ആര്‍.എസ്. പൊതുസമ്മതനായ ആളെ ലീഡറാക്കിയെടുക്കാമെന്നും കണക്ക് കൂട്ടലുണ്ട്. ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ചാവും പുതിയ മുന്നണിയും മന്ത്രിസഭയും ഉണ്ടാവുക. ഒട്ടുമിക്ക പ്രാദേശിക കക്ഷികളും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്നാണ ്ചന്ദ്രശേഖര്‍ റാവുവിന് കിട്ടിയിട്ടുള്ള സന്ദേശം. ചന്ദ്രശേഖര റാവു ഇതിനോടകം പലപ്രാദേശിക കക്ഷി നേതാക്കളെയും യു.പി.എ ഘടകകക്ഷിനേതാക്കളെയും സന്ദര്‍ശിച്ച് സംഭാഷണം നടത്തിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിനോടാണ് ചന്ദ്രശേഖര്‍ റാവുവിന് അടുപ്പക്കുറവുള്ളത്. ടി.ആര്‍.എസ് വക്താവ് ആബിദ് റസുല്‍ഖാനാണ് ചന്ദ്രശേഖര റാവുവിന്റെ മനസിലിരുപ്പ് പുറത്ത് വിട്ടത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി സ്റ്റാലിന്‍ ചെന്നൈയില്‍ ചര്‍ച്ചകള്‍ നടത്തിയശേഷം ഡി.എം.കെ ട്രഷറാര്‍ ദുരൈമുരുകന്‍ അമരാവതിയിലെത്തി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവുമായി ദീര്‍ഘനേരം കടിക്കാഴ്ച നടത്തിയിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഗൗരവപൂര്‍വം കാണുന്നു. തികച്ചും വ്യക്തിപരമാണെന്ന് ഡി.എം.കെ. പറയുന്നുണ്ടെങ്കിലും തെലങ്കാന മുഖ്യമന്ത്രിയുമായി സ്റ്റാലിന്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. പണം ഒഴുക്കിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വച്ച വെല്ലൂര്‍മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദും ചന്ദ്രബാബുവുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നു തുരത്താന്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സംവിധാനം വേണമെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനു വേണ്ടി ചരട് വലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ചന്ദ്രബാബു നായിഡു. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് സ്റ്റാലിനും, ചന്ദ്രബാബു നായിഡുവും ആഗ്രഹിക്കുന്നു. ചന്ദ്രശേഖര റാവുവും സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തങ്ങളുടെ കോണ്‍ഗ്രസ് അനുകൂല നിലപാടില്‍ മാററം ഇല്ലെന്നു പ്രഖ്യാപിക്കുകയാണ് ദുരൈ മുരുഗന്റെ സന്ദര്‍ശലക്ഷ്യം. സ്റ്റാലിനും ചന്ദ്രശേഖര റാവുവും തമ്മില്‍ നടന്ന നീണ്ട കൂടിക്കാഴ്ചയില്‍ ചില പുതിയ ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞതായും രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here