
നെല്ലിയാമ്പതി: ടെണ്ടറുകള്‍ വൈകുന്നതിനാല്‍ നെല്ലിയാമ്പതി റോഡ് വികസനം നീളുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയവ മൂലം ചുരം റോഡും സംരക്ഷണഭിത്തിയും തകര്‍ന്നസ്ഥിതി തുടരുകയാണ്. പോത്തുണ്ടി പാടഗിരി വരെയുള്ള 30.47. കി.മി. ചുരം പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 90.95 കോടി രൂപയുടെ അനുമതിയാണു ലഭിച്ചിരുന്നെതെങ്കിലും തുടര്‍ നടപടികള്‍ ആയില്ല. കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റ്) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കരാര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കെ.എസ്.ടി.പി ക്ഷണിച്ച ടെന്‍ഡറില്‍ പങ്കെടുത്ത 5 കന്പനികളില്‍ ഒന്നിന്റെ അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ കെ.എസ്.ടി. പി. നിരസിച്ചു. ഇതോടെ നിരസിച്ച കമ്പനി കോടതിയെ സമീപിച്ചതോടെയാണു തുടര്‍നടപടികള്‍ മുടങ്ങിയത്. കുണ്ടറചോല പാലത്തിനു സമീപം 2018 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഭാഗവും പുതിയ പാലവും അപ്രോച്ച് റോഡും മാത്രമാണ് ഇതിനോടകം പുനര്‍നിര്‍മാണം നടത്തിയത്. ചുരം പാതയുടെ പലയിടങ്ങളിലും പകുതിഭാഗം കൊക്കയിലേക്ക് ഇടിഞ്ഞുവീണ നിലയിലാണ്. വാഹനങ്ങള്‍ കൊക്കയിലേക്കു വീഴാതിരിക്കാന്‍ താല്‍ക്കാലികമായി സ്ഥാപിച്ച കൈവരികള്‍ തകര്‍ന്നു നാശമാവുകയും, കാട്ടു വെള്ളം ഒലിച്ചിറങ്ങുന്ന ചാലുകള്‍ മണ്ണു നിറഞ്ഞ നിലയിലായതിനാല്‍ മഴവെള്ളവും മറ്റും റോഡിലൂടെ ഒഴുകി തകര്‍ന്ന് കിടക്കുന്ന പാതയുടെ പല ഭാഗങ്ങളും അപകട ഭീഷണിയിലാണ്. 2018 ലെ പ്രളയകാലത്തു പോത്തുണ്ടി നെല്ലിയാമ്പതി റോഡിന്റെ പതിനാറിടങ്ങളിലായി സംരക്ഷണഭിത്തികളാണു തകര്‍ന്നത്.ഇതില്‍ പകുതിയിലേറെ എണ്ണം പൊതുമരാമത്ത് വകുപ്പ് ഫണ്ട് വിനിയോഗിച്ചു ഇതിനകം താല്‍ക്കാലികമായാണെങ്കിലും പുനഃസ്ഥാപിച്ചു. 2019 നവംബറില്‍ കണ്‍സട്ടന്‍സി സ്ഥാപനം സര്‍വേ ജോലികള്‍ ഏറ്റെടുത്തു. ഇവര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിര്‍മാണത്തിനുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചത്. വെള്ളം ഒഴുക്കുന്നതിനുള്ള ചാലുകള്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള ഭാഗങ്ങളില്‍ ജര്‍മന്‍ സാങ്കേതികവിദ്യയില്‍ വല കൊണ്ടു നിര്‍മ്മിച്ച സംരക്ഷണ ഭിത്തി, ഉപരിതലം പുതുക്കല്‍ എന്നിവയുള്‍പ്പെടെ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. കോടതിയിലുള്ള കേസ് തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് കരാര്‍ നടപടികള്‍ ത്വരിതപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി അറിയുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ നെല്ലിയാമ്പതി റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുര്‍ഘടം ആകുമെന്നതില്‍ സംശയമില്ല. സംരക്ഷണഭിത്തികള്‍ ഉള്‍പ്പെടെയുള്ളവയുടെ നാശം വര്‍ദ്ധിച്ച് അപകടഭീഷണി കൂടുമെന്നും, നെല്ലിയാമ്പതി ഒറ്റപെടുമെന്നും മേഖലയിലുള്ളവര്‍ പറയുന്നു. പ്രവര്‍ത്തികള്‍ക്ക് അനുമതി കിട്ടാനും കരാര്‍ നടപടികള്‍ക്കും കാലതാമസമുണ്ടായാല്‍ ഇപ്പോള്‍ കണക്കാക്കിയ നിര്‍മ്മാണച്ചെലവ് കൂടുമെന്നും പുതുക്കിയ എസ്റ്റിമേറ്റും ബജറ്റ് വിഹിതവും ഇതിനായി ആയി കണ്ടെത്തേണ്ടിവരുമെന്നും ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.




