Home Breaking News ശബരിമല ഹബായി പത്തനംതിട്ട കെഎസ്ആര്‍ടിസി

ശബരിമല ഹബായി പത്തനംതിട്ട കെഎസ്ആര്‍ടിസി

2
0

പത്തനംതിട്ട: കെഎസ്ആര്‍ടിസി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട ബസ് സ്റ്റേഷന്‍ മാറും. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പത്തനംതിട്ടവഴിയുള്ള പന്പ സര്‍വീസുകള്‍ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളില്‍ നിന്ന് യാത്ര തുടങ്ങുന്നവര്‍ പന്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പന്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാരന്റെ ടിക്കറ്റ് നാലു മണിക്കൂര്‍ വരെ ഉപയോഗിക്കാനാകും. ഭക്ഷണത്തിനും വിശ്രത്തിനുമായി ആവശ്യമെങ്കില്‍ നാലു മണിക്കൂര്‍വരെ എടുത്തശേഷം യാത്ര തുടര്‍ന്നാല്‍ മതിയാകും. പത്തനംതിട്ടയില്‍ നിന്ന് അഞ്ച് മിനിട്ട് ഇടവേളയില്‍ പന്പയിലേക്ക് ചെയിന്‍ സര്‍വീസ് ഉണ്ടാകും. ഈ ബസുകള്‍ ഇടയ്ക്ക് ഭക്ഷണത്തിനായി ഒരിടത്തും നിര്‍ത്തുകയില്ല. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡിപ്പോകളില്‍ നിന്നുള്ള പന്പ സ്‌പെഷല്‍ ബസുകളാകും പത്തനംതിട്ടയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത്. ഇതര ജില്ലകളില്‍ നിന്നുള്ള പന്പ സ്‌പെഷല്‍ സര്‍വീസുകള്‍ എരുമേലിയില്‍ തുറക്കുന്ന ഹബ് വരെയാക്കാനും തീരുമാനിച്ചിട്ടുണ്ട്.22 ന് പരീക്ഷണ സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ചെയിന്‍ സര്‍വീസിനായി 50 ബസുകള്‍ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും. കെഎസ്ആര്‍ടിസിയുടെ പുതിയ ടെര്‍മിനലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും ബാഗുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകും. ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും യാര്‍ഡും ടെര്‍മിനലും ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് ബയോശുചി മുറികളും കുടുംബശ്രീയുമായി സഹകരിച്ച് കാന്റീന്‍ സംവിധാനവും ഒരുക്കും. സമീപ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ദര്‍ശനത്തിനായി സര്‍ക്കുലര്‍ സര്‍വീസും ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here