Home Breaking News പാറക്വറിയില്‍ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

പാറക്വറിയില്‍ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരാള്‍ അറസ്റ്റില്‍

3
0

നേമം: അന്തിയൂര്‍ക്കോണം മൂങ്ങോട് നിന്നും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് 60 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂങ്ങോട് സ്വദേശി അനൂപിനെ അറസ്റ്റ് ചെയ്തു. മൂങ്ങോട് ഭാഗത്തുള്ള പ്രവര്‍ത്തനരഹിതമായ പാറ ക്വാറിയില്‍ ഒളിപ്പിച്ചിരുന്ന 60 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ഒന്നാം തീയതി പേയാട് പിറയില്‍ അനീഷിന്റെ വീട്ടില്‍ നിന്നും 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനീഷ് വി.ആര്‍.എല്‍ പാര്‍സല്‍ കൊറിയര്‍ വഴി കരമനയില്‍ എത്തിച്ച കഞ്ചാവ് നാലുപേര്‍ ഓട്ടോറിക്ഷയില്‍ കടത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അനൂപിനെ സംഘം പിടികൂടുകയും പാര്‍സല്‍ സര്‍വീസ് കേന്ദ്രത്തില്‍ നിന്നും അനൂപ് ആണ് കഞ്ചാവ് പാക്കറ്റുകള്‍ അനീഷിന്റെ വീട്ടില്‍ എത്തിച്ചത് എന്നു മൊഴി നല്‍കുകയും ചെയ്തിരുന്നു. ക്വാറിയില്‍ കഞ്ചാവ് ഒളിപ്പിച്ചിട്ടുള്ളതായി ഇയാളാണ് എക്‌സൈസിനോട് വെളിപ്പെടുത്തിയത്. എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് ടീമംഗങ്ങളും നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിളും സംഘവുമാണ് പേയാട് പിറയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വിനോദ് കുമാര്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് തലവന്‍ ആര്‍. രാജേഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് റാവു, എക്സൈസ് ഇന്‍സ്പെക്ടര്‍ ആദര്‍ശ്, അജയകുമാര്‍ എന്നിവരും നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറും കാട്ടാക്കട എക്സൈസ് റേഞ്ച് സംഘവും പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here