Home Editorial പിടിവാശി ഉപേക്ഷിക്കണം

പിടിവാശി ഉപേക്ഷിക്കണം

2
0

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ ഇന്ന് സത്യവാങ്മൂലത്തിലൂടെ നിലപാട് വ്യക്തമാക്കി. പ്രവാസികളെ രണ്ടുതരം പൗരൻമാരാക്കാതെ നാട്ടിൽ എത്തിച്ച് ക്വാറന്റീനിൽ വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റ് നടയിൽ ഉപവാസ സമരം നടത്തി. ജില്ലാ കേന്ദ്രങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തി.
പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ കയറും മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും രണ്ടുതട്ടിലാണെന്ന് വ്യക്തമായി. പ്രതിപക്ഷത്തിന്റെ നിലപാട് തന്നെയാണ് കേന്ദ്ര സർക്കാരും എടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം പ്രഖ്യാപിക്കും. പ്രവാസികൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം ഈ മാസം 25 വരെ നീട്ടിക്കൊണ്ട് സംസ്ഥാന സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. സർക്കാർ നടപടി പ്രായോഗികമല്ല എന്നതിന് തെളിവാണ് തിയതി മാറ്റിക്കൊണ്ടുള്ള നടപടിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രവാസികൾ അന്യനാടുകളിൽ കിടന്ന് മരിക്കട്ടെ എന്നാണോ സർക്കാർ നിലപാട്? രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് രോഗികളായി എത്തുന്നവർക്ക് ഒരു നിയമവും ഗൾഫ് നാടുകളിൽ നിന്ന് രോഗം പിടിപെട്ടാൽ അവർക്ക് മറ്റൊരു നിയമവും എന്ന് പറയുന്നത് സ്വാഭാവികമായ നീതിനിഷേധമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാകട്ടെ, സർക്കാരിന്റെ നിലപാടിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ ഫ്‌ളൈറ്റുകളിൽ കൊണ്ടുവന്നാൽ അത് രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്നാണ് സെക്രട്ടറിയേറ്റിന്റെ കണ്ടെത്തൽ. പ്രവാസികളുടെ കാര്യം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനാണ് കോൺഗ്രസും യുഡിഎഫും ശ്രമിക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
പരിശോധനയ്ക്കായി സർക്കാർ പറയുന്ന ട്രൂ നാറ്റ് ടെസ്റ്റ് കിറ്റുകൾ എങ്ങനെ ലഭ്യമാക്കും, ആര് നൽകും എന്നൊന്നും സർക്കാരിന് ഒരു ധാരണയുമില്ല. കേന്ദ്ര സർക്കാരും എംബസികളും സഹകരിച്ചാൽ റാപ്പിഡ് ടെസ്റ്റിനുള്ള നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് ഒരു പ്രയാസവുമില്ലെന്ന നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ചുരുക്കത്തിൽ ലക്ഷക്കണക്കിനു വരുന്ന പ്രവാസി മലയാളികൾ ചെകുത്താനും കടലിനും നടുക്കാണ്. നാട്ടിലേക്ക് വരണമെങ്കിൽ കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് വേണം. അത് നൽകേണ്ടതാകട്ടെ എംബസികൾ വഴിയാണ്. അതിന് നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരും. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് കർക്കശ നിലപാട് എടുക്കുന്നതാകട്ടെ സംസ്ഥാന സർക്കാരും. ജോലിയും വിസയും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസികളോട് മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. കേവലം രാഷ്ട്രീയ വിഷയത്തിനപ്പുറം ജീവനും കൊണ്ട് നാട്ടിലെത്താനുള്ള ആഗ്രഹത്തിലാണ് ലക്ഷക്കണക്കിന് മലയാളികൾ. ഇവരെ നാട്ടിലെത്തിച്ച് ചികിത്സിക്കുന്നതുകൊണ്ട് അപാകതയൊന്നുമില്ല. ഹോം ക്വാറന്റീനിലോ, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലോ പ്രവാസികളെ വിടുന്ന പതിവ് സർക്കാരിന് തുടരാവുന്നതാണ്. രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ചുവടുമാറ്റം.
ലോകത്തെവിടെയുമുള്ള പ്രവാസികൾക്ക് ധൈര്യത്തോടെ നാട്ടിലേക്ക് എത്താം എന്നായിരുന്നു മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. രണ്ടരലക്ഷത്തിലധികം രോഗികളെ ചികിത്സിക്കാൻ ബെഡുകളും മറ്റ് സൗകര്യങ്ങളും സജ്ജമാണെന്നും ആവർത്തിച്ചു പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്ന് മുഖ്യമന്ത്രി പുറകോട്ടു പോയിരിക്കുകയാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുകയും ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കുന്നതിലുണ്ടായ പരാജയവുമാണ് ഇതിനു കാരണം. അതേസമയം ഗൾഫ് പോലെ തന്നെ രോഗത്തിന്റെ പിടിയിലമർന്ന അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ കാര്യത്തിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുമില്ല. തീവണ്ടിയിലും ബസുകളിലും സ്വന്തം വാഹനങ്ങളിലും എത്തുന്നവർക്ക് വ്യാപകമായി രോഗമുണ്ടെന്ന് തെളിഞ്ഞതാണ്. വിമാനത്തിൽ മാത്രം ഇടകലർന്നിരുന്നാൽ രോഗം കൂടുതൽ പിടിപെടുമെന്ന ആശങ്കയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്.
പ്രവാസികളുടെ മുന്നിൽ മറ്റ് വഴികളില്ല. അവർക്ക് നാട്ടിലേക്ക് വരിക തന്നെ വേണം. ഉറ്റവർക്ക് അവർ എത്തണമെന്നു തന്നെയാണ് ആഗ്രഹം. ഇതിന് സംസ്ഥാനമായാലും കേന്ദ്രമായാലും സൗകര്യം ഒരുക്കിയില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ മരണസംഖ്യ ഇനിയും വർദ്ധിക്കും. ഇപ്പോൾ തന്നെ നൂറുകണക്കിന് മലയാളികളാണ് ഗൾഫ് നാടുകളിൽ മരിച്ചത്. അതേസമയം കേരളത്തിൽ എത്തിച്ചേർന്ന പ്രവാസികൾക്ക് രോഗമുക്തി നേടാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മരണസംഖ്യ 21ൽ എത്തിനിൽക്കുമ്പോൾ ഗൾഫ് നാടുകളിലെ മരണസംഖ്യ 300ലേക്ക് അടുക്കുകയാണ്. എത്രയും വേഗം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ആർജ്ജവം തന്നെയാണ് സർക്കാർ കാണിക്കേണ്ടത്.
കോവിഡ് പടർന്നു പിടിച്ചപ്പോൾ മുഖ്യമന്ത്രി പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ മറക്കാൻ പാടില്ല. സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഇക്കാര്യത്തിൽ മനുഷ്യ ജീവന് പ്രാധാന്യം നൽകണം. ലോകത്തെവിടെ കഴിയുന്ന മലയാളിക്കും സ്വന്തം നാട്ടിലേക്ക് വരാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിബന്ധനകൾ വച്ച് തടയുന്നത് നിയമപരമായും മനുഷ്യത്വപരമായും തെറ്റാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങൾ ആദ്യം തള്ളിക്കളയുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. സ്പ്രിംഗ്ലർ ഇടപാടിലും വൈദ്യുതി ബില്ലിന്റെ കാര്യത്തിലും ഇത് ആവർത്തിച്ചു. പ്രവാസി വിഷയത്തിലും സർക്കാരിന് തീരുമാനം തിരുത്തേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here