ആലപ്പുഴ: ബി.ജെ.പി.യുടെ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള രണ്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ പരേഡ് രണ്ടാഴ്ചയ്ക്കുശേഷമുണ്ടാകുമെന്ന് അന്വേഷണസംഘം. ആലപ്പുഴ സ്വദേശികളായ അനൂപ്, റസീബ് എന്നിവരെയാണു കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.ഇവരെ വൈദ്യപരിശോധന നടത്തി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. പോലീസ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ കൂടുതല്‍വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്. തിരിച്ചറിയല്‍ പരേഡ് നടത്തണമെങ്കില്‍ കോടതിയുടെ അനുമതിവേണം. അതിനു രണ്ടാഴ്ചയോളം സമയമെടുക്കും.പ്രതികള്‍ രക്ഷപ്പെട്ടെന്നുകരുതുന്ന സ്‌കൂട്ടര്‍ ചുടുകാട് ജങ്ഷനുസമീപത്തു കണ്ടെത്തി. പോലീസിന്റെ കര്‍ശനസുരക്ഷയില്‍ മുഖംമൂടി ധരിപ്പിച്ച് പ്രതികളെ ഇവിടെയെത്തിച്ചു തെളിവെടുത്തു. നഗരത്തിലെ മറ്റുസ്ഥലങ്ങളിലും തെളിവെടുപ്പുനടത്തി.രണ്ടുപ്രതികളെയും രഞ്ജിത്തിന്റെ അമ്മയും ഭാര്യയും മകളും കണ്ടതാണ്. അതിനാല്‍ തിരിച്ചറിയല്‍ പരേഡിനു മുന്‍പ് ഇവരുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയാല്‍ കേസ് ദുര്‍ബലപ്പെടുമെന്ന് പോലീസ് പറഞ്ഞു.കുറ്റകുറ്റകൃത്യത്തിനുശേഷം സംസ്ഥാനംവിട്ട രണ്ടു പ്രതികളെയും ബെംഗളൂരുവില്‍നിന്നാണ് അന്വേഷണസംഘം പിടിച്ചത്. ഇവര്‍ക്കൊപ്പം എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ ഒരാളെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്തവര്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. 12 പേര്‍ എത്തിയാണു കൊല നടത്തിയതെന്നാണു പോലീസ് പറയുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ അയല്‍സംസ്ഥാനങ്ങളിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.
- Breaking News
- For the People
- Social Issues
- Local News
- Alappuzha
- Latest News in Kerala
- General
- Local newss
- News
- Kerala
- National
- Crime
- Politics
- Top News





