
കോഴിക്കോട്: ഉരുപ്പെരുമയുടെ നാട്ടില്‍ ജല സാഹസിക മേള. ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിനു തുടക്കം കുറിച്ച് നഗരത്തെ ആവേശത്തിലാഴ്ത്തി സൈക്കിള്‍ റൈഡ്. കോഴിക്കോട് ബീച്ചില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത റൈഡ് നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍ ചുറ്റി ബേപ്പൂര്‍ മറീനയില്‍ സമാപിച്ചു. മന്ത്രിയില്‍ നിന്ന് സൈക്ലിംഗ് കമ്മിറ്റി ലീഡര്‍ സാഹിര്‍ ബാബു സ്വീകരിച്ച ഫെസ്റ്റിന്റെ പതാക ബേപ്പൂരില്‍ ജില്ലാ കളക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഉയര്‍ത്തിയത്തോടെ ജലോത്സവത്തിന്റെ നാലു പകലിരവുകള്‍ക്ക് തുടക്കമായി ബേപ്പൂര്‍ ഫെസ്റ്റ് ചരിത്രത്തില്‍ ഇടംനേടുമെന്ന കാര്യത്തില്‍ സംശയമില്ലായെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാലിക്കട്ട് സൈക്ലിംഗ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സൈക്ലിംഗ് പെഡലെഴ്‌സ്, ടീം മലബാര്‍ റൈഡേഴ്‌സ്, മലബാര്‍ സൈക്കിള്‍ റൈഡഴ്‌സ് എന്നീ മൂന്നു സൈക്ലിംഗ് ക്ലബ്ബുകളിലെ നൂറോളം പേരാണ് റൈഡില്‍ പങ്കെടുത്തത്. കോഴിക്കോട് ബീച്ച് കോര്‍പറേഷന്‍ ഓഫീസിനു മുന്‍പില്‍ നിന്നാരംഭിച്ച യാത്ര മാനാഞ്ചിറ, കല്ലായി, മാത്തോട്ടം, നടുവട്ടം ചുറ്റി ബേപ്പൂരില്‍ സമാപിക്കുകയായിരുന്നു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് പാരിസണ്‍സ് ഗ്രൗണ്ടില്‍ ആരംഭിച്ച ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പ്രദര്‍ശന വസ്തുക്കളാണ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്.കോഴിക്കോടിന്റെ തനത് രുചികള്‍ സംഗമിക്കുന്നിടമാണ് ബേപ്പൂര്‍ ഫെസ്റ്റിലെ ഫുഡ് ഫെസ്റ്റ്. വിവിധതരം ബിരിയാണികള്‍, ജ്യൂസുകള്‍, വിവിധ നിരത്തിലും രുചിയിലുമുള്ള ഐസ്‌ക്രീമുകള്‍, എണ്ണക്കടികള്‍, മത്സ്യ-മാംസ വിഭവങ്ങള്‍ എന്നിവ രുചിയുടെ മേളപ്പെരുപ്പം തീര്‍ക്കും.




