
പൂച്ചാക്കല്‍: വേലിയറ്റത്തില്‍ കായല്‍ കരകവിഞ്ഞതോടെ തീരത്തെ വീടുകളില്‍ വെള്ളംകയറി. മുന്‍പു മഴക്കാലത്തു മാത്രമാണ് കായല്‍ത്തീരമേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകാറുള്ളത്. ഇപ്പോള്‍ വേലിയേറ്റം മഴയെയും കടത്തിവെട്ടുന്ന കാഴ്ചയാണ്. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലാണിതു കൂടുതല്‍.പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി തുടങ്ങിയ പഞ്ചായത്ത് മേഖലകളില്‍ കായല്‍ കവിഞ്ഞാണു വീടുകളില്‍ വെള്ളമെത്തുന്നത്. പാണാവള്ളി പഞ്ചായത്തിലെ അഞ്ചുതുരുത്ത് കായലിനു സമാനമായിട്ടുണ്ട്. വേലിയേറ്റത്തില്‍ കരയിലേക്കു വെള്ളം കയറുന്നുണ്ട്.വീടുകളുടെ അടിത്തറയുടെ നിരപ്പില്‍വരെ വെള്ളം കയറിയിട്ടുണ്ട്. കായലിനു തൊട്ടടുത്തുള്ള വീടുകളുടെ ഉള്ളിലും വെള്ളംകയറിയിട്ടുണ്ട്. വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. നടവഴിയില്‍പ്പോലും വെള്ളമാണ്. കല്‍ക്കെട്ടുള്ള പ്രദേശങ്ങളില്‍ അതു കവിഞ്ഞാണു വെള്ളം കയറുന്നത്. കല്‍ക്കെട്ടിനു പൊക്കംകുറഞ്ഞ മേഖലകളില്‍ ദുരിതമാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഉളവയ്പ്, മണപ്പുറം, പള്ളിപ്പുറം പഞ്ചായത്തിലെ കുട്ടന്‍ ചാല്‍, പോളേക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്.മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യംമാത്രം എത്തിയിരുന്ന വേലിയേറ്റ വെള്ളത്തള്ളിച്ച ഇപ്പോള്‍ നിരവധിതവണയാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ മിക്ക പ്രദേശങ്ങളിലും രണ്ടുവശവും കായലാണ്. പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കന്‍ഭാഗങ്ങളിലും അരൂക്കുറ്റിയുടെ വടക്കന്‍ മേഖലയിലും മൂന്നുവശമാണു കായല്‍. പെരുമ്പളത്തു നാലുവശവുമാണ് കായല്‍. അതിനാല്‍ വേലിയേറ്റ പ്രശ്‌നത്തില്‍ വീര്‍പ്പുമുട്ടുകയാണ് ഈ മേഖല.സാധാരണ ഈ കാലയളവില്‍ കായലില്‍ ഓര് ശക്തി പ്രാപിക്കേണ്ടതാണ്. എന്നാല്‍, ഇത്തവണ ഉണ്ടായിട്ടില്ല. ഇതുമൂലം പായല്‍ക്കൂട്ടങ്ങളും നശിക്കുന്നില്ല. കായലില്‍ ഉപ്പ് വ്യാപിക്കുമ്പോള്‍ കായലിലെ പായല്‍ നശിച്ചുപോകാറുള്ളതാണ്. കായലും ഇടത്തോടുകളും ഉള്‍പ്പെട്ട ജലാശയങ്ങളില്‍നിന്നു പായല്‍ ഒഴിയുന്നില്ല. പായല്‍ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ തടസ്സപ്പെടുത്തുന്നുണ്ട്.വേലിയേറ്റ വെള്ളത്തള്ളിച്ചയില്‍നിന്നു രക്ഷനേടാനായി കായലിന്റെ തീരത്ത് താമസിക്കുന്നവരുടെ മുറ്റവും പറമ്പും മണ്ണിട്ട് ഉയര്‍ത്തണം. കല്‍ക്കെട്ട് പൊളിഞ്ഞതു പുനര്‍നിര്‍മിക്കണം തുടങ്ങിയവയാണ് പൊതുവേ ഉയരുന്ന ആവശ്യങ്ങള്‍.








