Home Kerala സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു

2
0

സ്വകാര്യ ബസ് സമരം പിൻവലിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി നടന്നുവന്നിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബസുടമകൾ സമരം പിൻവലിച്ചത്. വിദ്യാർത്ഥികളുടെ കൺസക്ഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ബസുടമകളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ഇതേ തുടർന്ന് മറ്റ് മാർഗ്ഗങ്ങളില്ലാതെയാണ് ബസുടമകൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

എന്നാൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ചാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകൾ അറിയിച്ചു. തങ്ങളുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു. യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ നേരത്തെ മിനിമം ചാർജ് 8 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഇത് പര്യാപ്തമല്ലെന്നും മിനിമം ചാർജ് 10 രൂപയെങ്കിലും ആക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. കൂടാതെ, വിദ്യാർത്ഥികളുടെ കൺസക്ഷൻ നിരക്ക് ഉയർത്തണമെന്ന ആവശ്യവും ബസുടമകൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് ബസുടമകൾ സമരവുമായി മുന്നോട്ടുപോയത്.

വിഷയത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ബസുടമകൾ ചർച്ചകൾ നടത്തിയിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. തുടർന്ന് സമരവുമായി മുന്നോട്ടുപോയാൽ പെർമിറ്റ് റദ്ദാക്കുന്നത് പോലെയുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് മുഖ്യമന്ത്രി ബസുടമകളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയും യാത്രാനിരക്ക് വർദ്ധിപ്പിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ സമരം പിൻവലിക്കാൻ ബസുടമകൾ നിർബന്ധിതരാകുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് ബസുടമകൾ തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തതും സമരം പിൻവലിക്കുന്നതിന്  കാരണമായി. സമരം തുടരുന്നതിൽ ഒരു വിഭാഗത്തിന് വിയോജിപ്പ് ഉണ്ടായിരുന്നു. ഇന്നലെ തിരുവനന്തപുരമടക്കം ചില സ്ഥലങ്ങളിൽ പല സ്വകാര്യ ബസുകളും സർവീസ് പുനരാരംഭിച്ചത് സമരത്തിന് തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here