ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഇന്ന് 100 ദിനം പൂർത്തിയാക്കുന്നു. തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇതിനകം 10256 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 11085 പേര്‍ അറസ്റ്റിലായി. ഇതുവരെ 23527.153 ഗ്രാം എംഡിഎംഎയും 1223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര തലത്തിലുള്ള ലഹരിക്കടത്തു സംഘങ്ങളെ പിടികൂടാൻ തൂഫാന്റെ ഭാഗമായി സാധിച്ചിട്ടുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിച്ചുകഴിഞ്ഞെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ലഹരിയുടെ വേരറുക്കാൻ കേന്ദ്രവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വമ്പിച്ച വിജയമാണ് ഓപ്പറേഷൻ തൂഫാൻ. കേരളത്തിലാരംഭിച്ച ഈ പ്രസ്ഥാനം, ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല ജനമൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് ചെന്നൈ വിഐടി കോളജിൽ ഔദ്യോഗിക പരിപാടിക്കായി പോയിരുന്നു. പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസ്സിലുണ്ടായിരുന്ന മുഴുവൻ ആളുകളും ‘തൂഫാൻ’ എന്നു വിളിച്ചു പറഞ്ഞ്, ഓപ്പറേഷൻ തൂഫാനെ ഹൈലൈറ്റ് ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായി. കഴിഞ്ഞ ദിവസം ദുബായിൽ പോയപ്പോഴും ഇതുതന്നെയായിരുന്നു അനുഭവം. ലോകത്തെമ്പാടും രാസലഹരിക്കു വേണ്ടി ഉയർന്നു വരുന്ന ശക്തമായ പ്രതിഷേധത്തിന്റെ അലയടിയായി ഇന്ന് ഓപ്പറേഷൻ തൂഫാൻ മാറിയിട്ടുണ്ട്. ഈ പ്രസ്ഥാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കേന്ദ്രസർക്കാർ നാർക്കോ കൺട്രോൾ ഒരു പ്രോഗ്രാം ആയി ഏറ്റെടുത്തിരിക്കുന്നത്.
ധാരാളം ആളുകൾ വിളിക്കുകയും മെയിലും വാട്സാപ്പ് സന്ദേശങ്ങളുമൊക്കെ അയയ്ക്കാറുമുണ്ട്. അതിൽ ഏറ്റവും കൂടുതൽ അമ്മമാരും സഹോദരിമാരുമാണ്. അവരാണ് കുടുംബത്തിലെ ഇത്തരം പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നത്. തന്റെ മകനോ മകളോ രാസലഹരി ഉപയോഗിക്കുന്ന കാര്യം അവർക്ക് ആരോടും പറയാൻ പറ്റില്ലല്ലോ. ഓപ്പറേഷൻ തൂഫാൻ അവർക്ക് വലിയ ആശ്വാസമാണ്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിപാടികളിൽ ഏറ്റവുമധികം പങ്കെടുക്കുന്നത് സ്ത്രീസമൂഹമാണ്. അവർക്ക് ഈ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയാണ് ആ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്നത്. ലഹരിയുടെ വേരറുക്കുന്നതു വരെ ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകും.