പുഴയിൽ അബോധാവസ്ഥയിൽ പെൺകുട്ടി, രക്ഷകനായി ബസ് ഡ്രൈവർ

കൊച്ചി ∙ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടിയ പെൺകുട്ടിയെ സ്വന്തം ജീവൻ പണയം വച്ച് സ്വകാര്യ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി. വടക്കൻ പറവൂർ മാഞ്ഞാലി പാലത്തിൽ നിന്നും പെരിയാറ്റിലേക്ക് ചാടിയ ഇരുപതുകാരിയായ വിദ്യാർഥിനിയെയാണ് പറവൂർ-അങ്കമാലി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ചാലക്ക സ്വദേശി അജേഷ് (41) സാഹസികമായി രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് മറ്റാരും ചാടാൻ ധൈര്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് അജേഷ് രക്ഷകനായത്. ചെങ്ങമനാട് സ്വദേശിയാണ് പെൺകുട്ടി.

ബസ് ഓടിച്ചു വരുന്നതിനിടയിൽ പാലത്തിന് സമീപം ആളുകൾ കൂടിനിൽക്കുന്നത് കണ്ട് ബസ് നിർത്തി ഓടിയെത്തിയ അജേഷ്, പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് ഉടൻ തന്നെ പുഴയിലേക്ക് ചാടുകയായിരുന്നു. ശക്തമായ ഒഴുക്കിനെതിരെ നീന്തി അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മുടിയിൽ പിടിച്ച് അദ്ദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ആ സമയത്ത് വേറൊന്നും മനസിൽ ഉണ്ടായിരുന്നില്ല, ചിലപ്പോൾ ഞാൻ മരിക്കും, അല്ലെങ്കിൽ രക്ഷപ്പെടും എന്നോർത്ത് ചാടുകയായിരുന്നു’’, അജേഷ് പറഞ്ഞു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആളുകൾ കൂടി നിൽക്കുന്നതു കണ്ട് ബസ് നിർത്തി ഇറങ്ങിയതും ഒരു പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ടു എന്നു അജേഷ് പറയുന്നു. പെരിയാറ്റിൽ വെള്ളം കൂടി നിന്ന സമയം ആയതിനാൽ ആരും ഇറങ്ങുന്നുണ്ടായിരുന്നില്ല. ഇതോടെ ഉടുത്ത മുണ്ടും ഷർട്ടും അഴിച്ചുവെച്ച് നേരെ പുഴയിലേക്ക് ചാടുകയായിരുന്നു. പെരിയാറിന്റെ തീരത്തുള്ള ചാലക്ക സ്വദേശിയാണ് അജേഷ്. ചെറുപ്പം മുതലേ പെരിയാറ്റിൽ നീന്തി വളർന്നതുകൊണ്ട് ഇറങ്ങാൻ പേടിയില്ലായിരുന്നെങ്കികലും മുങ്ങിത്താഴുന്ന ആളെ രക്ഷപെടുത്തുക എളുപ്പമായിരുന്നില്ലെന്ന് അജേഷ് പറയുന്നു.

നീന്തി അടുത്തെത്തുമ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് അജേഷ് പറയുന്നു. എന്നാൽ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചപ്പോൾ കുട്ടി ചെറുതായി മൂളിയതോടെ ജീവനുണ്ടെന്ന് മനസിലായി. അതോടെ സർവശക്തിയും ഉപയോഗിച്ച് കുട്ടിയേയും വലിച്ച് കരയിലേക്ക് നീന്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരേയും കരയ്ക്കു കയറ്റി. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച സ്കോർ ലഭിക്കാത്തതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് ആലുവ വെസ്റ്റ് പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *